ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടണമെങ്കിൽ രോഹിത് ഓപ്പണിങ് ഇറങ്ങരുത്. വ്യത്യസ്ത അഭിപ്രായവുമായി യോഗരാജ് സിംഗ്

ഒക്ടോബർ അഞ്ചിന് ലോകകപ്പ് ആരംഭിക്കുന്നതിനാൽ അതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ടീമിനുള്ളത്. ഇതിനു മുന്നോടിയായി എല്ലാവിധ തയ്യാറെടുപ്പുകളും ഇന്ത്യൻ ടീം പൂർത്തിയാക്കി കഴിഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ തന്നെ വ്യത്യസ്തമായ കോമ്പിനേഷനുകൾ പരീക്ഷിച്ചാണ് ഇന്ത്യ ലോകകപ്പിന് തയ്യാറായിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിനായി ഒരു വ്യത്യസ്ത ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പിതാവും ക്രിക്കറ്ററുമായ യോഗ്രാജ് സിംഗ്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരു സർപ്രൈസ് ഓപ്പണിങ് സഖ്യം ഇറങ്ങണം എന്നാണ് യോഗ്രാജ് സിംഗ് പറയുന്നത്.

നിലവിലെ ഇന്ത്യൻ ടീമിന്റെ നായകനും പ്രധാന ബാറ്ററുമായ രോഹിത് ശർമ ഓപ്പണിങ് നിരയിൽ നിന്നും മാറിനിൽക്കണം എന്നാണ് യോഗ്രാജ് സിംഗിന്റെ അഭിപ്രായം. പകരമായി ഒരു ഇടംകൈ- വലംകൈ കോമ്പിനേഷൻ ഇന്ത്യ പരീക്ഷിക്കണമെന്നും യോഗ്രാജ് പറയുന്നു. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ ഇഷാനെയും ശുഭമാൻ ഗില്ലിനെയും ഓപ്പണിങ് ഇറക്കുന്നതാണ് ഉത്തമം എന്നാണ് യോഗ്രാജ് സിംഗിന്റെ നിലപാട്.

“ഇന്ത്യയ്ക്ക് ഓപ്പണിങ്ങിൽ ഒരു ഇടംകൈ- വലംകൈ കോമ്പിനേഷനാണ് വേണ്ടത്. നമുക്ക് അല്പം പിന്നിലേക്ക് പോയി ചിന്തിക്കാം. സച്ചിൻ ടെണ്ടുൽക്കറും ഇടങ്കയ്യൻ സൗരവ് ഗാംഗുലിയുമാണ് ഒരു സമയത്ത് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയിരുന്നത്. അങ്ങനെ ഇടംകൈ – വലംകൈ കോമ്പിനേഷൻ വന്ന മത്സരങ്ങളിൽ 75 ശതമാനവും മികച്ച തുടക്കമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്.”- യോഗ്രാജ് പറയുന്നു.

“നിലവിൽ ശുഭമാൻ ഗില്ലും ഇഷാൻ കിഷനുമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ. ഇവർ ഓപ്പണിങ് ജോഡികൾ ആകുന്നതോടെ രോഹിത് ശർമ മൂന്നാം സ്ഥാനത്ത് കളിക്കേണ്ടിവരും. ഇപ്പോൾ ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ കളിക്കുന്നത് വിരാട് കോഹ്ലിയാണ്. കോഹ്ലി നാലാം നമ്പറിൽ ബാറ്റ് ചെയ്യണം. ഇതായിരിക്കും ഇന്ത്യയുടെ ഏറ്റവും മികച്ച ടോപ്പ് ഫോർ. ഇത്തരമൊരു ലൈനപ്പ് ഇന്ത്യ പരീക്ഷിക്കുകയാണെങ്കിൽ ടൂർണമെന്റിൽ നമ്മൾ വിജയം കാണും എന്നാണ് ഞാൻ കരുതുന്നത്.”- യോഗ്രാജ് കൂട്ടിച്ചേർത്തു.

2002ൽ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിനെ പറ്റിയും യോഗ്രാജ് സംസാരിക്കുകയുണ്ടായി. അന്ന് ഇന്ത്യയ്ക്ക് വമ്പൻ വിജയലക്ഷ്യമായിരുന്നു മുൻപിലുള്ളത്. എന്നാൽ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും ചേർന്ന് ആദ്യ വിക്കറ്റിൽ 90 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഇത് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഹായകരമായി എന്നാണ് യോഗ്രാജ് സിംഗിന്റെ നിലപാട്. എന്നിരുന്നാലും കൃത്യമായ കോമ്പിനേഷനുകൾ ലോകകപ്പിനായി കണ്ടെത്തിയ ഇന്ത്യ ഇത്തരം ഒരു നിർദ്ദേശത്തിന് വഴങ്ങുമോ എന്നത് ചോദ്യചിഹ്നമാണ്.