ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ തന്റെ മോശം ഫോം തുടരുകയാണ്. പരമ്പരയിലെ ആദ്യ 3 ഇന്നിംഗ്സുകളിൽ 6, 3, 10 എന്നിങ്ങനെയായിരുന്നു രോഹിത് ശർമ സ്വന്തമാക്കിയത്. ശേഷം മെൽബണിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 3 റൺസ് മാത്രമാണ് രോഹിത്തിന് നേടാൻ സാധിച്ചത്. ഇതിന് ശേഷം രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന എംഎസ്കെ പ്രസാദ്.
രോഹിത് ശർമയ്ക്ക് നിലവിൽ തന്റെ ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും ആത്മവിശ്വാസക്കുറവുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രസാദ്.
ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര കൂടി കണക്കിലെടുത്താണ് പ്രസാദ് സംസാരിച്ചത്. “രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ സംബന്ധിച്ചുള്ള വിഷയങ്ങൾ നമ്മൾ മുൻപും ചർച്ച ചെയ്തതാണ്. ഈ പരമ്പരയിലേക്ക് വരുന്നതിന് മുൻപ് ന്യൂസിലാൻഡിനെതിരെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പര നമ്മൾ കളിച്ചിരുന്നു. അതിൽ വളരെ മോശം പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ പോലും അത്തരത്തിലൊരു തുടർച്ചയായ പരാജയങ്ങൾ കാണാൻ സാധിക്കില്ല.”
”രോഹിത് ന്യൂസിലാൻഡിനെതിരെ പരാജയപ്പെടുകയായിരുന്നു. പരമ്പരയിൽ വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ അവന് സാധിച്ചില്ല. ഇവിടെ ആദ്യ മത്സരത്തിൽ രോഹിത് കളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാം മത്സരത്തിനിറങ്ങിയപ്പോൾ രോഹിത് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷമാണ് മൈതാനത്ത് എത്തിയത്.”- പ്രസാദ് പറയുന്നു.
“രോഹിത്തിന്റെ ബാറ്റിംഗും അവന്റെ ക്യാപ്റ്റൻസിയെ മോശമായി ബാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല ഒരു ടീമിന്റെ നായകൻ ഫോമിലല്ലെങ്കിൽ അത് ടീമിനെയും ബാധിക്കാൻ സാധ്യതയുണ്ട്. അതാണ് ഇവിടെ സംഭവിക്കുന്നത്. പരാജയങ്ങളുടെ ഒരു തുടർച്ചയ്ക്ക് ശേഷമാണ് രോഹിത് ശർമ ഇവിടെ തിരിച്ചെത്തിയത്. അതുകൊണ്ടുതന്നെ രോഹിത്തിന് ഇന്ത്യൻ ടീമിനെ കൃത്യമായി നയിക്കാൻ സാധിക്കുന്നില്ല. പല സാഹചര്യങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളാൻ രോഹിത് ബുദ്ധിമുട്ടുന്നതും നമ്മൾ ഇവിടെ കണ്ടു.”- പ്രസാദ് കൂട്ടിച്ചേർത്തു.
“ഈ ടെസ്റ്റ് മത്സരത്തിലാണെങ്കിലും മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും തുടക്കത്തിൽ തന്നെ 11 ഓവറുകളോളം എറിയുകയുണ്ടായി. യുവതാരമായ സാം കോൺസ്റ്റസ് ഇത്ര വെടിക്കെട്ട് തീർത്തിട്ടും ബോളിംഗ് ചെയ്ഞ്ചുകൾ വരുത്താൻ പോലും രോഹിത് തയ്യാറായില്ല. അതാണ് ഇപ്പോൾ രോഹിത്തിന്റെ നായകത്വത്തിൽ വന്നിരിക്കുന്ന മാറ്റം. നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും രോഹിത് പരാജയപ്പെടുന്നത് തന്നെയാണ് കാണുന്നത്.”- പ്രസാദ് പറഞ്ഞു വെക്കുകയുണ്ടായി.