2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾ പ്ലേയോഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായിരിക്കും ഇത്തവണത്തെ ഐപിഎല്ലിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത് എന്നാണ് ഉത്തപ്പ പറയുന്നത്.
“പഞ്ചാബും ബാംഗ്ലൂരും തമ്മിൽ ഇത്തവണത്തെ ഐപിഎല്ലിന്റെ ഫൈനലിൽ ഏറ്റുമുട്ടും എന്ന ശക്തമായ തോന്നലാണ് എനിക്കുള്ളത്. ഈ സീസണിന്റെ തുടക്കം മുതൽ ഞാൻ ഇക്കാര്യം പറയുന്നുണ്ട്. പഞ്ചാബും ബാംഗ്ലൂരും ഇത്തവണത്തെ ഏറ്റവും മികച്ച ടീമുകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് പഞ്ചാബ് പേസർ അർഷദീപ് സിംഗ് ഇതുവരെയും തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ച വെച്ചിട്ടില്ല. എന്നിട്ടും അവർക്ക് മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചു. അവന്റെ വലിയ പ്രകടനങ്ങൾ പ്ലേഓഫിൽ ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ അവർ അനായാസം കിരീടം സ്വന്തമാക്കും.”- ഉത്തപ്പ പറയുന്നു.
“ഇത്തരമൊരു ടൂർണമെന്റ് ആരംഭിക്കുമ്പോൾ തന്നെ നമുക്ക് ആവശ്യമായ മൊമെന്റം ലഭിക്കേണ്ടതുണ്ട്. മാത്രമല്ല പ്ലെയോഫിലേക്ക് എത്തുമ്പോഴും നമുക്ക് അത് തുടർന്നു കൊണ്ടുപോകാൻ സാധിക്കണം. ബാംഗ്ലൂർ ശ്രമിക്കേണ്ടത് എല്ലാ മത്സരങ്ങളും വേണ്ടരീതിയിൽ ഫിനിഷ് ചെയ്യാനാണ്. വിരാട് കോഹ്ലി ഈ ഫോർമാറ്റിലും ഒരു ചെയ്സ് മാസ്റ്ററാണ് എന്ന് നമുക്കറിയാം. 20 ഓവറുകളും ബാറ്റ് ചെയ്ത് ടീമിനെ വിജയിപ്പിക്കാൻ അവന് സാധിക്കും. ഇത്തരത്തിലുള്ള പ്രകടനങ്ങൾ അവൻ കാഴ്ചവയ്ക്കുമ്പോൾ അത് എതിർ ടീമിന് സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് അവസാന ഓവറുകളിൽ.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.
ഇതുവരെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കാത്ത ടീമുകളാണ് ബാംഗ്ലൂരും പഞ്ചാബും. ഇരു ടീമുകളും ലീഗിന്റെ 17 എഡിഷനുകളും കളിച്ചിട്ടുണ്ട്. 2016ലായിരുന്നു അവസാനമായി ബാംഗ്ലൂർ ടീം ഐപിഎല്ലിന്റെ ഫൈനലിൽ പ്രവേശിച്ചത്. 2014ൽ പഞ്ചാബ് കിംഗ്സ് ഐപിഎൽ പ്രവേശനം നടത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ശേഷം മികവ് പുലർത്താനോ ഇത്തരത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കാനോ പഞ്ചാബിന് സാധിച്ചിട്ടില്ല. ഈ സീസണിൽ ശ്രേയസിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം തന്നെയാണ് പഞ്ചാബ് കാഴ്ചവെക്കുന്നത്.