റിഷഭ് പന്ത് ഭാവി താരം. സമയം ആവശ്യമാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം

ഋഷഭ് പന്ത് ഇന്ത്യൻ ടീമിന്റെ ഭാവിയാണെന്നും അദ്ദേഹത്തെ പിന്തുണക്കണമെന്നും മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കി ദിനേശ് കാർത്തിക്കിനാണ് അവസരം നല്‍കിയത്‌.

ഈ വർഷം 17 ടി20 മത്സരങ്ങളിൽ നിന്ന് 25.91 ശരാശരിയിൽ പന്ത് 311 റൺസ് നേടിയെങ്കിലും സ്ഥിരതയില്ലായ്മയാണ് താരത്തിന് പ്രശ്നമാകുന്നത്. അടുത്തിടെ നടന്ന ഏഷ്യാ കപ്പിൽ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 51 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

താന്‍ സെലക്ടറാണെങ്കിൽ ഋഷഭ് പന്ത് തന്റെ ടീമിലുണ്ടാകും എന്ന് സൂചിപ്പിച്ച മാത്യു ഹെയ്ഡൻ അദ്ദേഹത്തെ ഇന്ത്യൻ ടീമിന്റെ ഭാവിയായി വാഴ്ത്തി. സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും അദ്ദേഹത്തിനു പിന്തുണ നൽകണമെന്നും മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ പറഞ്ഞു.

‘ഞാനായിരുന്നു സെലക്ടറെങ്കിൽ ഋഷഭ് പന്തിനെ എല്ലാ ടീമുകളിലും തിരഞ്ഞെടുക്കപ്പെടും. അവൻ ഭാവി താരമാണ്. അദ്ദേഹത്തിന് പിന്തുണ നൽകേണ്ടതുണ്ട്, സമയം ആവശ്യമാണ്. എന്തൊക്കെ വന്നാലും അവന്‍ നല്ല പ്ലെയറാണ്. അതിനാല്‍ അദ്ദേഹത്തെ കളിപ്പക്കണം എന്നാണ് എന്‍റെ അഭിപ്രായം ” ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടി20 ഐയ്ക്കിടെ ഹെയ്ഡൻ പറഞ്ഞു.

രണ്ടാം ടി20 സെപ്തംബർ 23ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും, പന്ത് പ്ലെയിംഗ് ഇലവനിൽ ഇടംപിടിക്കുമോയെന്ന് കണ്ടറിയണം.