❝ഇടിച്ചിടട്ടെ❞ എന്ന് ചോദിച്ച് റിഷഭ് പന്ത്. അനുവാദം കൊടുത്ത് രോഹിത് ശര്‍മ്മ

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ വമ്പന്‍ വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 121 റണ്‍സില്‍ എല്ലാവരും പുറത്തായി. 49 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരം ബാക്കി നില്‍ക്കേയാണ് ഇന്ത്യയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി പതിവില്‍ നിന്നും വിത്യസ്തമായി രോഹിത് ശര്‍മ്മക്കൊപ്പം റിഷഭ് പന്താണ് എത്തിയത്. ആദ്യ മത്സരത്തില്‍ ഇല്ലാതിരുന്ന താരം, രണ്ടാം മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവച്ചത്. 15 പന്തില്‍ 4 ഫോറും 1 സിക്സും അടക്കം 26 റണ്‍സാണ് നേടിയത്. അതിനിടെ മത്സരത്തില്‍ ഒരു സംഭവം അരങ്ങേറി.

രണ്ടാം പന്തിൽ രോഹിത് ശർമ സിംഗിൾ എടുത്തതോടെ റിഷഭ് പന്ത് സ്‌ട്രൈക്കിലെത്തി. മൂന്നാം പന്തില്‍ റിഷഭ് ഓൺ-സൈഡിലേക്ക് തട്ടി
സിംഗിള്‍ എടുത്തിരുന്നെങ്കിലും ഡേവിഡ് വില്ലി അദ്ദേഹത്തിന്റെ വഴി തടസ്സപ്പെടുത്തിയിരുന്നു. ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം റിഷഭ് പന്ത് രോഹിത് ശര്‍മ്മയോട് പരാതി പറഞ്ഞു. ❝ അവന്‍ എന്‍റെ മുന്നില്‍ വരുന്നു ❞

ഇതിനു ശേഷമുള്ള റിഷഭ് പന്തിന്‍റെ വാക്കുകളും അതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നല്‍കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. ❝ഇനി എന്‍റെ മുന്നില്‍ വന്നാല്‍ ഞാന്‍ ഇടിച്ചീടട്ടേ ? ❞ എന്ന് റിഷഭ് പന്ത് രോഹിത് ശര്‍മ്മയോട് അനുവാദം ചോദിച്ചു. ❝ അതിനെന്താ….ഇടിച്ചിട്ടോ എന്നായിരുന്നു ❞ രോഹിത് ശര്‍മ്മയുടെ മറുപടി ” സ്റ്റംപ് മൈക്കാണ് ഇവരുടെ സംഭാഷണങ്ങള്‍ ഒപ്പിയെടുത്തത്.