ബാറ്റിങ്ങിൽ റിഷാബ് പന്ത് പ്രതിഭാസം തന്നെ പക്ഷേ കീപ്പിംഗിൽ ഇപ്പോഴും ശിശു :രൂക്ഷ വിമർശനവുമായി കിർമാനി

പലപ്പോഴും ബാറ്റിംഗിന്‍റെ  കാര്യം പരിശോധിച്ചാൽ ഇന്ത്യയുടെ യുവതാരം റിഷാബ് പന്ത് പ്രതിഭാസമാണെങ്കിലും വിക്കറ്റ്  കീപ്പിംഗിന്‍റെ കാര്യം വരുമ്പോള്‍ വെറും ശിശുവാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി വിമർശനം ഉന്നയിച്ചു .വിക്കറ്റ് കീപ്പിംഗില്‍ പന്ത് ഇനിയും ഒരുപാട് കാര്യങ്ങൾ  പഠിക്കാനുണ്ടെന്നും കിര്‍മാനി അഭിപ്രായപ്പെട്ടു .

“ബാറ്റിംഗില്‍ റിഷഭ് പന്ത് ഏറെ  പ്രതിഭാധനനാണെങ്കിലും പലപ്പോഴും  സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ അദ്ദേഹം ഇനിയും കരിയറിൽ ഒരുപാട്  പഠിക്കേണ്ടിയിരിക്കുന്നു.
നേരത്തെ  ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റില്‍ പക്വതയോടെ കളിച്ച് അദ്ദേഹം ഇന്ത്യക്ക് ചരിത്ര വിജയം  സമ്മാനിച്ചു. എന്നാല്‍  ഈ ചെറിയ കരിയറിൽ തന്നെ വിജയം  സമ്മാനിക്കാവുന്ന ഒട്ടേറെ മുഹൂർത്തങ്ങളിൽ  അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞിട്ടുമുണ്ട്. ചെന്നൈ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും അത് നാം  കണ്ടു “.മുൻ ഇന്ത്യൻ താരം തുറന്ന് പറഞ്ഞു .

റിഷാബ് പന്തിന്റെ വിക്കറ്റ് കീപ്പറെന്ന നിലയിലും പോരായ്മകളെ കുറിച്ചും കിർമാനി വാചാലനായി .”വിക്കറ്റ് കീപ്പിംഗിന്‍റെ അടിസ്ഥാന പാഠങ്ങള്‍ റിഷഭ് പന്ത് ആദ്യം ശരിയാക്കണം. സ്റ്റംപിന് അടുത്ത് നിന്ന് കീപ്പ് ചെയ്യുമ്പോഴാണ് ഒരു വിക്കറ്റ് കീപ്പറുടെ യഥാര്‍ത്ഥ മികവ് അളക്കാന്‍ കഴിയുക. റിഷഭ് പന്തിന് പേസ് ബൗളര്‍മാരുടെ പന്തുകള്‍ കീപ്പ് ചെയ്യാന്‍ കഴിയും. കാരണം പന്ത് പിടിക്കാന്‍ അദ്ദേഹത്തിന് ധാരാളം സമയവും ദൂരവും ലഭിക്കും. സ്വിംഗിനും ബൗണ്‍സിനും അനുസരിച്ച് എപ്പോഴും  ഇരുവശങ്ങളിലേക്ക് നീങ്ങാനുമാവും. എന്നാല്‍ വിക്കറ്റിന് അടുത്ത് നില്‍ക്കുമ്പോള്‍  ഒരിക്കലും അങ്ങനെയല്ല കാര്യങ്ങൾ ” മുൻ ഇന്ത്യൻ താരം പറഞ്ഞു നിർത്തി .

ഇപ്പോൾ പ്രായം ഇരുപതുകളുടെ തുടക്കത്തിലാണെന്നതിനാല്‍ പരിചയസമ്പത്തുകൊണ്ട് ഭാവിയിൽ റിഷാബ് പന്ത് ഇക്കാര്യങ്ങളൊക്കെ വേഗം  മനസിലാക്കുമെന്ന് കരുതുന്നതായും
കിർമാനി പ്രത്യാശ പ്രകടിപ്പിച്ചു .

Read More  വീണ്ടും മുംബൈയോട് തോറ്റ് കൊൽക്കത്ത :ഐപിഎല്ലിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here