ധോണിയുടെ നാട്ടില്‍ ധോണിക്കൊരു സമ്മാനം. ഒറ്റകൈ സിക്സില്‍ ഫിനിഷ് ചെയ്ത് റിഷഭ് പന്ത്.

ന്യൂസിലന്‍റിനെതിരായ രണ്ടാം ടി20യില്‍ വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ന്യൂസിലന്‍റ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ ഇന്ത്യ നേടിയെടുത്തി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു വേണ്ടി അര്‍ദ്ധസെഞ്ചുറിയുമായി കെല്‍ രാഹുലും (65) രോഹിത് ശര്‍മ്മയും (55) ആണ് തിളങ്ങിയത്.

മത്സരത്തിന്‍റെ അവസാനം തുടര്‍ച്ചയായ രണ്ട് സിക്സറുകള്‍ നേടി റിഷഭ് പന്താണ് മത്സരം ഫിനിഷ് ചെയ്തത്. ജിമ്മി നീഷാമിന്‍റെ പന്തില്‍ റിഷഭ് പന്തിന്‍റെ പ്രസിദ്ധമായ ഒറ്റക്കൈ സിക്സറിലൂടെയാണ് റാഞ്ചിയില്‍ ഇന്ത്യ വിജയം കുറിച്ചത്.

മത്സരത്തില്‍ 6 പന്തില്‍ 12 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സ്ലോ ബാറ്റിങ്ങിന്‍റെ പേരില്‍ റിഷഭ് പന്തിനു ഏറെ വിമര്‍ശനം കേട്ടിരുന്നു. നേരത്തെ മികച്ച തുടക്കം നേടി തകർത്തടിച്ച കിവീസിനെ അവസാന ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും നിർണായകമായത്. 11.2 ഓവറിൽ മൂന്ന് വിക്കറ്റിന് 90 റൺസ് എന്ന നിലയിലായിരുന്ന അവർക്ക് പിന്നീടുള്ള 52 പന്തുകളിൽ നിന്നും കേവലം 63 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 21 പന്തുകളിൽ 34 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്‌സാണ് അവരുടെ ടോപ് സ്‌കോറർ. വെടിക്കെട്ട് ബാറ്റർമാരായ ടിം സീഫെർട്ട് 15 പന്തുകളിൽ 13, ജിമ്മി നീഷാം 12 പന്തുകളിൽ 3 എന്നിവർ നിരാശപ്പെടുത്തി.

.ടി20 പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടക്കും. ടി20 പരമ്പരക്ക് ശേഷമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ 2 ടെസ്റ്റ് നടക്കുക.