അടുത്ത 10 വർഷം അവൻ ഇന്ത്യയെ നയിക്കട്ടെ :നിർദ്ദേശവുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലിപ്പോൾ വമ്പൻ മാറ്റങ്ങൾക്ക്‌ അരങ്ങുനണരുകയാണ്. ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ്‌ എത്തുമ്പോൾ ടി :20 ക്യാപ്റ്റനായി വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മ കൂടി എത്തുകയാണ്. ഇത്തവണത്തെ ടി :20 ലോകകപ്പിലെ തോൽവി എല്ലാ ക്രിക്കറ്റ്‌ ആരാധകർക്കും ഞെട്ടലാണ് സൃഷ്ടിച്ചത്. എല്ലാ അർഥത്തിലും കിരീടം നേടുമെന്ന് വിശ്വസിച്ച ആരാധകരെ എല്ലാം തന്നെ നിരാശരാക്കിയാണ് സൂപ്പർ 12 റൗണ്ടിൽ തന്നെ ഇന്ത്യൻ ടീം പുറത്തായത്. വിരാട് കോഹ്ലി ടി :20 നായക സ്ഥാനത്ത് നിന്നും ഒഴിഞ്ഞെങ്കിലും ഏകദിന, ടെസ്റ്റ്‌ ക്യാപ്റ്റൻ പദവികളിൽ കോഹ്ലി തന്നെ തുടരും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ലിമിറ്റെഡ് ഓവറിലെ 2 ഫോർമാറ്റുകളിൽ 2 വ്യത്യസ്ത നായകൻമാർ വേണ്ടയെന്ന നിർദേശവും ശക്തമാണ്. കൂടാതെ വിരാട് കോഹ്ലി ബാറ്റിങ്ങിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകദിന ടീം നായക സ്ഥാനം ഒഴിഞ്ഞേക്കാനും ഏറെ സാധ്യതകളുണ്ട്

എന്നാൽ അടുത്ത 10 വർഷത്തേക്ക് ടീം ഇന്ത്യയെ നയിക്കാനായി മികച്ച ഒരു താരത്തിന്റെ പേര് നിർദ്ദേശിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഗ്രേയിം സ്വാൻ.മൂന്ന് ഫോർമാറ്റിലും ഭാവിയിൽ ഇന്ത്യയെ ഏറെ ആത്മവിശ്വാസത്തോടെ നയിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് എത്തുമെന്നാണ് സ്വാനിന്‍റെ അഭിപ്രായം. സമ്പൂർണ്ണ നായകനായി റിഷാബ് പന്തിന്‍റെ പേര് കൂടി പരിഗണിക്കണമെന്നും മുൻ താരം നിർദ്ദേശിക്കുന്നുണ്ട്. വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ അംശം റിഷാബ് പന്തിൽ കാണുവാനും സാധിക്കുമെന്ന് സ്വാൻ അഭിപ്രായം വ്യക്തമാക്കി.

“എന്റെ അഭിപ്രായം അടുത്ത 10 വർഷം നമുക്ക് റിഷാബ് പന്തിനെ നായകനാക്കാം എന്നാണ്. പലർക്കും രോഹിത് ശർമ്മ ടീം ഇന്ത്യയുടെ ക്യാപ്റ്റനായി വരണം എന്ന ആഗ്രഹമുണ്ടാകും. എന്നാൽ ഞാൻ അദ്ദേഹം പേര് പറയാത്തത് പ്രായം കൂടി പരിഗണിച്ചാണ്. ഭാവിയെ കുറിച്ചാണ്‌ എന്റെ ചിന്ത. ഡൽഹി ക്യാപിറ്റൽസ് ടീമിനെ ഐപിഎല്ലിൽ നയിച്ച റിഷാബ് പന്ത് ക്യാപ്റ്റൻസി മികവ് ഇതിനകം തെളിയിച്ചു കഴിഞ്ഞു. എല്ലാ രീതിയിലും ടീം ഇന്ത്യയെ മുൻപോട്ടുനയിക്കാനായി പന്തിന് സാധിക്കും “സ്വാൻ നിരീക്ഷിച്ചു