റിങ്കു സിങ്ങ് എവിടെ ? ചോദ്യവുമായി ആരാധകര്‍

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി തരം സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ സ്ക്വാഡിലെ ഏറ്റവും വലിയ നിരാശ 2023 ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊൽക്കത്ത താരം റിങ്കൂ സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. ഈ ഐപിഎല്ലിൽ ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ച താരമാണ് റിങ്കു സിംഗ്. കൊൽക്കത്തയ്ക്കായി തകർപ്പൻ ഫിനിഷിങ്ങുകൾ നടത്തിയ റിങ്കുവിനെ ഭാവിയിലെ ധോണി എന്നായിരുന്നു പല മുൻ താരങ്ങളും വിലയിരുത്തിയത്. പക്ഷേ എന്തുകൊണ്ടാണ് റിങ്കു സിംഗിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് വ്യക്തമല്ല. വിൻഡിസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ മാത്രമല്ല ഇന്ത്യയുടെ എമർജിങ് ഏഷ്യകപ്പിനുള്ള ടീമിൽ പോലും റിങ്കൂ സിംഗിനെ പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങിയ സായി സുദർശൻ, ധ്രുവ് ജുറൽ എന്നീ താരങ്ങളെ ഇന്ത്യ ഇമെർജിങ് ഏഷ്യാകപ്പിനുള്ള എ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവിടെയും റിങ്കുവിനെ ഇന്ത്യ പരിഗണിച്ചില്ല എന്നതാണ് വസ്തുത. ഇതിനുശേഷം റിങ്കു ഇന്ത്യക്കായി വെസ്റ്റിൻഡീസ് പര്യടനത്തിൽ കളിക്കുമെന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ടീം പ്രഖ്യാപിച്ചതോടെ റിങ്കു സിംഗും ജിതേഷ് ശർമയും പുറത്തായി. വളരെ അപ്രതീക്ഷിതമായി മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയും ചെയ്തു. ഒപ്പം മുംബൈ ഇന്ത്യൻസിനായി 2023 ഐപിഎല്ലിൽ തിളങ്ങിയ തിലക് വർമ്മയും ട്വന്റി20 ടീമിൽ എത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ ഇത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും റിങ്കുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ ആരാധകർ വിമർശനം ഉന്നയിക്കുകയുണ്ടായി. റിങ്കുവിന്റെ സാഹചര്യം മോശപ്പെട്ടത് ആയതുകൊണ്ടാണോ ഈ അവഗണന എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ചോദിക്കുന്നു. മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന സർഫ്രാസ് ഖാനെ ഇന്ത്യ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആ സമയത്തും ആരാധകരുടെ വിമർശനം ഉയരുകയുണ്ടായി. എന്തായാലും റിങ്കുവിനെ ഇന്ത്യ ഒഴിവാക്കിയത് അനീതിയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആരാധകർ പ്രതികരിക്കുന്നത്.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഫിനിഷറുടെ റോൾ ആയിരുന്നു റിങ്കു സിംഗ് ചെയ്തത്. 27കാരനായ റിങ്കു സിംഗ് 474 റൺസ് സീസണിൽ അടിച്ചുകൂട്ടി. 149 ശരാശരിയിലാണ് റിങ്കുവിന്റെ ഈ നേട്ടം. മാത്രമല്ല ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 29 റൺസ് വിജയിക്കാൻ വേണ്ട സാഹചര്യത്തിൽ ഒരു അത്ഭുത ഇന്നിങ്സ് റിങ്കു പുറത്തെടുക്കുകയുണ്ടായി. ഇത് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും റിങ്കുവിനെ ഇന്ത്യ ഒഴിവാക്കിയത് അനീതി തന്നെയാണ്. എന്നാൽ വെസ്റ്റിൻഡീസ് പര്യടനത്തിനുശേഷം ഇന്ത്യ അയർലൻഡിനെതിരെ 3 ട്വന്റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ഈ ടീമിലെങ്കിലും ഇന്ത്യ റിങ്കുവിനെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.