കൊട്ടിഘോഷിച്ച ക്യാപ്റ്റന്റെ മണ്ടൻ തീരുമാനങ്ങൾ. പരമ്പര തോറ്റത് ഹാർദിക്കിന്റെ ഈ പിഴവുകൾ കാരണം.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ പരാജയം ഇന്ത്യയെ സംബന്ധിച്ച് വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 2024 ട്വന്റി20 ലോകകപ്പിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ച ഇന്ത്യക്കേറ്റ വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമറിഞ്ഞ ഇന്ത്യ മൂന്നാം മത്സരത്തിൽ തിരിച്ചുവരികയുണ്ടായി.

എന്നാൽ അവസാന മത്സരത്തിൽ വീണ്ടും മോശം പ്രകടനം നടത്തി ഇന്ത്യ പരമ്പര വിട്ടു കൊടുക്കുകയായിരുന്നു. ഇന്ത്യയ്ക്കേറ്റ പരാജയത്തിൽ വലിയ പങ്കുവഹിച്ചത് നായകൻ ഹർദിക് പാണ്ഡ്യയുടെ ചില തീരുമാനങ്ങൾ തന്നെയാണ്. പര്യടനത്തിൽ പല തീരുമാനങ്ങളും വലിയ പിഴവുകളായി മാറി.

പരമ്പരയിൽ പാണ്ഡ്യക്കേറ്റ ഏറ്റവും വലിയ പിഴവ് അനാവശ്യമായ പരീക്ഷണങ്ങൾ തന്നെയായിരുന്നു. പരമ്പരയിലുടനീളം സഞ്ജു സാംസണെ പാണ്ഡ്യ ഉപയോഗിച്ച രീതി ഒട്ടും ശരിയായില്ല. മുൻനിര ബാറ്ററായ സഞ്ജുവിനെ പാണ്ഡ്യ മധ്യനിരയിലാണ് പരീക്ഷിച്ചത്. ഇത് വലിയൊരു മണ്ടത്തരമായി മാറി. ഇതോടൊപ്പം ഒരു മത്സരത്തിൽ പോലും തിലക് വർമയെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ പരീക്ഷിക്കാൻ പാണ്ഡ്യ തയ്യാറായതുമില്ല. ഇത് മത്സരങ്ങളിലുടനീളം ഇന്ത്യയെ ബാധിക്കുകയും ചെയ്തു.

രണ്ടാമത്തെ വലിയ പാളിച്ച സംഭവിച്ചത് ടീം തിരഞ്ഞെടുപ്പിൽ ആയിരുന്നു. ക്രിക്കറ്റിന്റെ മറ്റു ഫോർമാറ്റുകളിൽ ദുർബലരാണെങ്കിലും ട്വന്റി20യിൽ കരുത്തന്മാർ തന്നെയാണ് വെസ്റ്റിൻഡീസ്. വലിയ വേഗത്തിൽ ആക്രമണം അഴിച്ചുവിടാനും സ്കോറിങ് ഉയർത്താനും പറ്റുന്ന ബാറ്റർമാർ വിൻഡിസിനുണ്ട്. അതിനാൽ തന്നെ പേസ് ബോളർമാരെ ഇന്ത്യ വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ടിയിരുന്നു.

പക്ഷേ അർഷദീപിനെയോ മുകേഷ് കുമാറിനെയോ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഹർദിക് പാണ്ഡ്യക്ക് സാധിച്ചില്ല. പല മത്സരങ്ങളിലും അവസാന ഓവറുകളിലാണ് മുകേഷ് കുമാറിനെ എറിയിപ്പിച്ചത്. ഇതൊക്കെയും ഇന്ത്യയെ ബാധിക്കുകയും ചെയ്തു. ആകെ ബോളിങ്ങിൽ ഇന്ത്യയ്ക്ക് ആശ്വാസമായി മാറിയത് സ്പിന്നർമാർ മാത്രമാണ്. ന്യൂബോൾ പലപ്പോഴും ഹർദിക് പാണ്ഡ്യ നേരിട്ടു വന്ന് പരീക്ഷിച്ചെങ്കിലും ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാതെ പോയി. പവർ പ്ലേ ഓവറുകളിൽ തന്നെ റണ്ണൊഴുക്ക് തടയാൻ ഇന്ത്യയ്ക്ക് സാധിക്കാതെ വന്നു.

മൂന്നാമത്തെ ഏറ്റവും വലിയ പിഴവ് ഹർദിക്കിന്റെ പ്രകടനം തന്നെയാണ്. അവസാന 10 ട്വന്റി20 ഇന്നിങ്സുകൾ പരിശോധിച്ചാൽ ഒരു തവണ മാത്രമാണ് 30 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ പാണ്ഡ്യയ്ക്ക് സാധിച്ചത്. ഒരുകാലത്ത് ഇന്ത്യയുടെ ഫിനിഷറായിരുന്നുവെങ്കിലും ഹർദിക്കിന്റെ ഇപ്പോഴത്തെ ബാറ്റിംഗ് യാതൊരു തരത്തിലും ഇമ്പാക്ട് ഉണ്ടാക്കുന്നില്ല. അതിനാൽ തന്നെ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിൽ ഹർദിക് പരാജയപ്പെട്ടു.

ബോളിംഗ് ചെയ്ഞ്ചുകളെ സംബന്ധിച്ചോ ഫീൽഡിലെ മാറ്റങ്ങളെ സംബന്ധിച്ച യാതൊരു വ്യക്തതയും ഇല്ലാതെയാണ് ഹർദിക് പരമ്പരയിലൂടനീളം നായകനായി കളിച്ചത്. എന്തായാലും വരും മത്സരങ്ങളിൽ ഇന്ത്യ ഇതിനൊക്കെ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാം.