വീണ്ടും റെക്കോർഡ് മഴ തീർത്ത് ജയസ്വാൾ. കോച്ച് രാഹുൽ ദ്രാവിഡിനെ വരെ പിന്നിലാക്കി.

ഇന്ത്യൻ ക്രിക്കറ്റിൽ ഒരു സ്വപ്നതുല്യമായ തുടക്കം തന്നെയാണ് യുവതാരം ജയസ്വാളിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ജയസ്വാൾ വിൻഡിസിനെതിരായ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ആദ്യ മത്സരത്തിലെതിന് സമാനമായി രണ്ടാം മത്സരത്തിലും ജെയ്‌സ്‌വാൾ സെഞ്ച്വറി സ്വന്തമാക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിലേക്ക് എത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എങ്കിലും രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കായി 57 റൺസാണ് ഈ യുവതാരം നേടിയത്. 74 പന്തുകൾ നേരിട്ട് 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം ആയിരുന്നു ജയസ്വാളിന്റെ ഈ നേട്ടം.

ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെ ഒരുപാട് റെക്കോർഡുകൾ ജയിസ്‌വാൾ തന്റെ പേര് ചേർക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ്‌ കരിയറിലെ ആദ്യ രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് ഏറ്റവുമധികം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ജയിസ്‌വാൾ ഇതോടെ മാറി. ടെസ്റ്റ് കരിയറിലെ ആദ്യ രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് ഇതുവരെ 228 റൺസാണ് ഈ സൂപ്പർ താരം നേടിയിട്ടുള്ളത്. ഡൊമിനിക്കയിലെ അരങ്ങേറ്റ മത്സരത്തിൽ ജയസ്വാൾ നേടിയത് 171 റൺസായിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ 57 റൺസ് കൂടി ജയസ്വാൾ നേടിയിട്ടുണ്ട്.

ടെസ്റ്റ് കരിയറിലെ ആദ്യ രണ്ട് ഇന്നിങ്സുകളിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ജയസ്വാളിന് 118 റൺസ് ആയിരുന്നു രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ആവശ്യമായിരുന്നത്. പക്ഷേ ഈ റെക്കോർഡ് തകർക്കാൻ ജയസ്വാളിന് സാധിച്ചില്ല. 57 റൺസ് നേടി ജയസ്വാൾ പുറത്താവുകയായിരുന്നു. അതിനാൽ തന്നെ ഈ റെക്കോർഡിന് ഇപ്പോൾ അവകാശി ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെയാണ്. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് ഹിറ്റ്മാൻ നേടിയത് 288 റൺസായിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ മുൻ നായകനായ ഗാംഗുലി നിൽക്കുന്നു. 267 റൺസാണ് ഗാംഗുലി തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 2 ഇന്നിങ്‌സുകളിൽ സ്വന്തമാക്കിയത്.

ഇരുവർക്കും ശേഷമാണ് ജയസ്വാൾ ലിസ്റ്റിലുള്ളത്. ജയസ്വാളിന് ശേഷം ശിഖർ ധവാൻ, പൃഥ്വി ഷാ, സുരേഷ് റെയ്‌ന, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഈ ക്ലബ്ബിൽ ഇടം പിടിച്ചിട്ടുള്ളത്. എന്തായാലും വിൻഡീസിനെതിരായ രണ്ടാമത്തെ മത്സരത്തിലും തകർപ്പൻ തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ജയസ്വാൾ നൽകിയത്. മത്സരത്തിൽ രോഹിത് ശർമയ്ക്കൊപ്പം ആദ്യ ഇന്നിങ്സിൽ 139 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ജയസ്വാളിന് സാധിച്ചു. രോഹിത്തിന്റെയും ജയസ്വാളിന്റെയും കോഹ്ലിയുടെയും മികവിൽ മത്സരത്തിന്റെ ആദ്യ ദിനം 288ന് 4 എന്ന ശക്തമായ നിലയിൽ ഇന്ത്യ എത്തിയിട്ടുണ്ട്.