കോഹ്ലിയുടെ മോശം ഫോമിന് കാരണം ശാസ്ത്രി : കടുത്ത വിമർശനവുമായി മുൻ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റിങ് നേട്ടങ്ങൾ എല്ലാം തന്നെ സ്വന്തം പേരിലാക്കി ചരിത്രം സൃഷ്ടിച്ച ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. ഐസിസി റാങ്കിങ്ങിൽ അടക്കം നീണ്ടകാലം ഒന്നാം സ്ഥാനത്ത് തുടർന്ന താരം അതിവേഗംറൺസ്‌ നേട്ടത്തിൽ രാജാവായി മാറിയിരുന്നു. ഒരുവേള കരിയർ അവസാനിപ്പിക്കും മുൻപ് കോഹ്ലി, സാക്ഷാൽ സച്ചിന്റെ റെക്കോർഡുകൾ വരെ തകർക്കുമെന്ന് വിശ്വസിച്ചവർ ധാരാളമാണ്. എന്നാൽ മോശം ബാറ്റിങ് ഫോമിനെ തുടർന്ന് കടുത്ത വിമർശനങ്ങൾക്ക് നടുവിലാണ് വിരാട് കോഹ്ലി. കഴിഞ്ഞ രണ്ട് വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാനായി കഴിഞ്ഞിട്ടില്ലാത്ത വിരാട് കോഹ്ലി ഇക്കഴിഞ്ഞ ഐപിഎല്ലിലും നിരാശ മാത്രമാണ് സമ്മാനിച്ചത്.

അതേസമയം കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് ഒരു വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് ഇപ്പോൾ മുൻ പാകിസ്ഥാൻ താരമായ റഷീദ് ലത്തീഫ്‌.റൺസ്‌ അടിച്ചുകൂട്ടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന വിരാട് കോഹ്ലിയുടെ ഫോമിലെ ഈ ഒരു തകർച്ചക്ക് കാരണം മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി എന്നാണ് റാഷിദ്‌ ലത്തീഫിന്‍റെ നിരീക്ഷണം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാനുള്ള യോഗ്യത പോലും രവി ശാസ്ത്രിക്ക്‌ ഉണ്ടോ എന്നും മുൻ പാക് താരം ചോദിക്കുന്നു. കഴിഞ്ഞ ദിവസം തന്നെ യൂട്യൂബ് ചർച്ചയിലാണ് മുൻ താരം കടുത്ത വിമർശനം ഉന്നയിച്ചത്

shastri kohli fb1

2019 ലാണ് വിരാട് കോഹ്ലി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടിയത്. ” ശാസ്ത്രി പരിശീലകന്റെ റോളിലേക്ക് എത്തിയത് അനിൽ കുംബ്ലയെ മാറ്റിയാണ്. കുംബ്ലയുടെ പിന്മാറ്റത്തിന് പിന്നാലെ ശാസ്ത്രി എന്തുകൊണ്ടാണ് കോച്ച് ആയി എത്തിയത്. അദ്ദേഹം ഒരു കമന്റെറ്ററാണ്. അദ്ദേഹത്തിന് ക്യാപ്റ്റൻസിയിൽ എന്തെങ്കിലും റോൾ ഉണ്ടോ. എനിക്കറിയില്ല. ശാസ്ത്രിയെ കോച്ചാക്കി മാറ്റാൻ പലരും ശ്രമിച്ചു. അതിനാൽ തന്നെയാണ് നാം ചിലത് കാണുന്നത്. കോഹ്ലിയുടെ മോശം ഫോമിൽ ശാസ്ത്രിക്ക്‌ പങ്കില്ലേ ” മുൻ പാക് താരം വിമർശനം കടുപ്പിച്ചു.