ലോർഡ്സിൽ ഇന്ത്യ പരാജയപ്പെടാനുള്ള 5 കാരണങ്ങള്‍. ബാറ്റിംഗ് മനോഭാവം മുതല്‍ പന്തിന്‍റെ റൺഔട്ട്‌ വരെ

ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ 22 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. അവസാന നിമിഷം വരെ ജഡേജ ബാറ്റിംഗിൽ പൊരുതിയിട്ടും ഇന്ത്യ പരാജയം നേരിടുകയായിരുന്നു. ഇത്തരമൊരു പരാജയത്തിനുള്ള പ്രധാനപ്പെട്ട 5 കാരണങ്ങൾ നോക്കാം.

  1. അവസാന ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിംഗ് സമീപനം

മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ 193 റൺസ് ആയിരുന്നു ഇന്ത്യക്ക് വിജയിക്കാൻ ആവശ്യമായുള്ളത്. എന്നാൽ ആ സമയത്ത് ഇന്ത്യ പ്രതിരോധാത്മക സമീപനമാണ് പുലർത്തിയത്. ഇത്തരം ഷോട്ടുകൾ തെരഞ്ഞെടുത്തതിനാൽ തന്നെ ഇംഗ്ലണ്ട് ബോളർമാർക്ക് ഇന്ത്യക്ക് മേൽ ആധിപത്യം പുലർത്താൻ സാധിച്ചു. ആർച്ചറും സ്റ്റോക്സും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു. ജഡേജയും രാഹുലും ഒഴികെയുള്ള ബാറ്റർമാരൊക്കെയും ഈ പ്രതിരോധ മനോഭാവത്താൽ കളി മറക്കുകയാണ് ഉണ്ടായത്.

  1. പന്ത് – രാഹുൽ റൺഔട്ട്‌

മത്സരത്തിൽ ഇന്ത്യയുടെ കയ്യിൽ നിന്ന് മോമെന്റും നഷ്ടമായത് ആദ്യ ഇന്നിംഗ്സിലെ പന്തിന്റെ റൺഔട്ടിലൂടെയാണ്. ആദ്യ ഇന്നിങ്സിൽ 74 റൺസ് സ്വന്തമാക്കാൻ പന്തിന് സാധിച്ചിരുന്നു. എന്നാൽ അനാവശ്യമായ റൺഔട്ടിലൂടെ പന്ത് പുറത്തായി. ലഞ്ചിന് മുൻപായി രാഹുലിന് സെഞ്ചുറി സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ പന്ത് പുറത്താവുകയാണ് ഉണ്ടായത്. ഇത് ഇന്ത്യയെ ബാധിച്ചു.

  1. ടോപ് ഓർഡറും നൈറ്റ്‌ വാച്മാനും പരാജയമായി

മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ഇന്ത്യയുടെ ഓപ്പണറായ ജയസ്വാളും കരുൺ നായരും പരാജയപ്പെടുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ 13 റൺസും രണ്ടാം ഇന്നിങ്സിൽ പൂജ്യവുമാണ് നേടിയത്. കരുണിന് മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറാക്കി മാറ്റാൻ സാധിച്ചില്ല. മാത്രമല്ല നാലാം ദിവസം ആകാശ് ദീപിനെ നൈറ്റ് വാച്ച്മാനായി മൈതാനത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ തീരുമാനവും പാളി.

  1. ആദ്യ ഇന്നിങ്സിൽ ജാമീ സ്മിത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്.

ആദ്യ ഇന്നിങ്സിൽ സ്മിത്ത് നൽകിയ ഒരു അവസരം രാഹുൽ നഷ്ടപ്പെടുത്തിയിരുന്നു. ഇത് മുഹമ്മദ് സിറാജിനെ പോലും അത്ഭുതത്തിലാക്കി. ഇതിന് ശേഷം 56 പന്തുകളിൽ 51 റൺസ് സ്വന്തമാക്കാൻ സ്മിത്തിന് സാധിച്ചു. ഇതോടെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

  1. എക്സ്ട്രാസ്‌

ആദ്യ ഇന്നിങ്സിൽ ഇംഗ്ലീഷ് ബാറ്റർമാർക്ക് 31 എക്സ്ട്രാ റൺസാണ് ഇന്ത്യൻ ബോളർമാർ വഴങ്ങിയത്. രണ്ടാം ഇന്നിങ്സിൽ 32 റൺസും എക്സ്ട്രാ ആയി ഇന്ത്യ വഴങ്ങുകയുണ്ടായി. 63 റൺസാണ് ഇങ്ങനെ ഇന്ത്യ ഇംഗ്ലണ്ട് ടീമിന് വാഗ്ദാനം ചെയ്തത്. ഇത് മത്സരത്തിന്റെ അവസാനം ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.