18 വർഷത്തെ കാത്തിരിപ്പ്. കപ്പടിച്ച് കോഹ്ലിയും കൂട്ടരും.

18 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പഞ്ചാബിനെതിരായ ഫൈനൽ മത്സരത്തിൽ 6 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ബാംഗ്ലൂർ ചരിത്രം സൃഷ്ടിച്ചത്. മുൻപ് 3 തവണ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ ഇടം പിടിച്ചിരുന്നുവെങ്കിലും കിരീടം സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നില്ല. എന്നാൽ ഈ സീസണിലൂടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചാണ് ബാംഗ്ലൂർ കിരീടം നേടിയിരിക്കുന്നത്.

ഫൈനൽ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് തങ്ങളുടെ വെടിക്കെട്ട് ഓപ്പണറായ ഫിൽ സോൾട്ടിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം മായങ്ക് അഗർവാളും കോഹ്ലിയും ചേർന്നാണ് പഞ്ചാബിനെ പവർപ്ലേ ഓവറുകളിൽ മുന്നോട്ട് നയിച്ചത്. 18 പന്തുകളിൽ 24 റൺസ് നേടിയ ശേഷമാണ് അഗർവാൾ പുറത്തായത്. പിന്നീടെത്തിയ നായകൻ പട്ടിദാർ 16 പന്തുകളിൽ 26 റൺസ് നേടി. വിരാട് കോഹ്ലി മത്സരത്തിൽ ഒരുവശത്ത് ക്രീസിലുറച്ചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. 35 പന്തുകളിൽ 43 റൺസ് ആണ് കോഹ്ലി നേടിയത്. 3 ബൗണ്ടറികൾ മാത്രമാണ് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.

മധ്യ ഓവറുകളിൽ 15 പന്തുകളിൽ 25 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റനും അവസാന ഓവറുകളിൽ ജിതേഷ് ശർമയും മികവ് പുലർത്തി. ജിതേഷ് 10 പന്തുകളിൽ 2 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 24 റൺസ് ആണ് നേടിയത്. ഇങ്ങനെ ബാംഗ്ലൂരിന്റെ സ്കോർ 190 റൺസിൽ എത്തുകയായിരുന്നു. പഞ്ചാബ് കിങ്സിനായി ജാമിസണും അർഷദീപ് സിംഗും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് തങ്ങളുടെ ശൈലിയിൽ ആക്രമിച്ചു തന്നെയാണ് ബാറ്റിംഗ് തുടങ്ങിയത്.

19 പന്തുകളിൽ 24 റൺസ് നേടിയ പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് ആണ് ആദ്യം പഞ്ചാബിന് നഷ്ടമായത്. ശേഷമെത്തിയ ജോഷ് ഇംഗ്ലീസ് പഞ്ചാബിനായി മികവു പുലർത്തുകയുണ്ടായി. എന്നാൽ മറുവശത്ത് നായകൻ ശ്രേയസ് അയ്യര്‍ കേവലം 1 റണ്ണിന് പുറത്തായത് പഞ്ചാബിനെ ബാധിച്ചു. കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി ക്രൂണാൽ പാണ്ഡ്യ ബാംഗ്ലൂരിന് പ്രതീക്ഷകൾ നൽകുകയായിരുന്നു. 23 പന്തുകളിൽ 39 നേടിയ ജോഷ് ഇംഗ്ലീസിനെ നിർണായക സമയത്ത് പുറത്താക്കി മത്സരത്തിൽ ബാംഗ്ലൂരിലെ മുൻപിലെത്തിക്കാൻ പാണ്ട്യയ്ക്ക് സാധിച്ചിരുന്നു. ശേഷം അവസാന ഓവറുകളിൽ ബാംഗ്ലൂരിന് ഭീഷണി സൃഷ്ടിച്ചത് ശശാങ്ക് സിംഗ് മാത്രമായിരുന്നു. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായത് താരത്തെയും ബാധിച്ചു. മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്.