ഇന്ത്യൻ ക്യാമ്പിൽ സന്തോഷ വാർത്ത : ശസ്ത്രക്രിയക്ക് ശേഷം പരിശീലനം പുനരാരംഭിച്ച്‌ രവീന്ദ്ര ജഡേജ

പരിക്കിനെത്തുടര്‍ന്ന്  സർജറിക്ക്‌ വിധേയനായി  വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ സ്റ്റാർ  ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിശീലനം പുനരാരംഭിച്ചു. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ  ടെസ്റ്റ് പരമ്പരക്കിടെ വിരലിന് പരിക്കേറ്റ അദ്ദേഹം പരിശീലനം നടത്തുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഏറെ  വിശ്രമം വേണ്ടിവരുമെന്നതിനാല്‍ ഇംഗ്ലണ്ടിനെതിരായ  വരാനിരിക്കുന്ന പരമ്പരകൾ  പുര്‍ണ്ണമായും ജഡേജക്ക് നഷ്ടമായേക്കും. വരുന്ന ഐപിഎല്ലിലൂടെ ക്രിക്കറ്റ് രംഗത്തേക്ക് തിരിച്ച് വരാം എന്നാണ് ജഡേജ കരുതുന്നത് .

സമീപകാലത്തായി മികച്ച ഫോമിലാണ് ജഡേജയുള്ളത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന ജഡേജ നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ  നിര്‍ണ്ണായക താരമാണ്.
ഇന്ത്യൻ മണ്ണിൽ  ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ജഡേജ പൂർണ്ണ ഫിറ്റ്നസ് നേടി സ്‌ക്വാഡിൽ വീണ്ടും ഇടം നൽകുവാനാണ്‌ ഇന്ത്യൻ ടീം മാനേജ്‌മന്റ് ആഗ്രഹിക്കുന്നത് .

പരിക്കിന് ശേഷം മടങ്ങിയെത്തുമ്പോള്‍ യോ യോ ടെസ്റ്റില്‍ അദ്ദേഹത്തിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതായിട്ടുണ്ട്. കൂടാതെ ബിസിസിഐ പുതിയതായി നടപ്പിലാക്കുന്ന ഓട്ട പരീക്ഷയും താരം മറികടക്കേണ്ടതുണ്ട് .കരിയറിൽ മികച്ച കായികക്ഷമത എപ്പോഴും  അദ്ദേഹം  കാത്തുസൂക്ഷിക്കുന്നതിനാല്‍ ഫിറ്റ്‌നസ് ടെസ്റ്റ് അദ്ദേഹം അനായാസമായി പൂര്‍ത്തിയാക്കുമെന്ന് തന്നെ കരുതാം. ഇന്ത്യക്കുവേണ്ടി 51 ടെസ്റ്റില്‍ നിന്ന് 1954 റണ്‍സും 220 വിക്കറ്റും കൂടാതെ  168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 188 വിക്കറ്റും 50 ടി20യില്‍ നിന്ന് 217 റണ്‍സും 39 വിക്കറ്റും 32കാരനായ ജഡേജയുടെ പേരിലുണ്ട്. 184 ഐപിഎല്ലില്‍ നിന്ന് 2159 റണ്‍സും 114 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ജഡേജയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിലിടം നേടിയ അക്ഷർ പന്തുകൊണ്ട് മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.  രണ്ടാം ടെസ്റ്റിൽ ചെപ്പോക്കിൽ അരങ്ങേറിയ  അക്ഷർ പട്ടേൽ മൂന്ന് 5 വിക്കറ്റ് നേട്ടങ്ങൾ ഇതിനകം നേടിക്കഴിഞ്ഞു .ടി20 ടീമില്‍ ജഡേജയുടെ അഭാവം നികത്താനാണ് രാഹുല്‍ തെവാത്തിയയെ ഇന്ത്യ പരിഗണിച്ചത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള താരത്തിന് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്.