എല്ലാത്തിനും കാരണം ഐപിഎല്‍. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതിനെ പറ്റി രജത് പഠിതാര്‍

സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മുകേഷ് കുമാര്‍, രജത് പഠിതാര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായ രജത് പഠിതാര്‍, തനിക്ക് ആദ്യമായി ഇന്ത്യന്‍ സ്ക്വാഡില്‍ അവസരം ലഭിച്ചതിനു നന്ദി പറയുന്നത് ഐപിഎല്ലിനോടാണ്. ഈ അവസരം ഒരു സ്വപ്നം പോലെയാണ് അനുഭവിക്കുന്നതെന്ന് മധ്യപ്രദേശ് താരം പറഞ്ഞു.

ഐപിഎല്ലില്‍ 8 മത്സരങ്ങളില്‍ നിന്നായി 152.75 സ്ട്രൈക്കില്‍ 333 റണ്‍സാണ് താരം നേടിയത്. അതില്‍ എലിമിനേറ്ററില്‍ ലക്നൗനെതിരെ 112 റണ്‍സ് നേടിയതോടെയൊണ് രജത് പഠിതാര്‍ ശ്രദ്ധ നേടുന്നത്.

” ആ ഐപിഎല്‍ പ്രകടനമാണ് വഴിത്തിരിവായത്. ഇപ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത് ”

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്‍റെ ആരാധകനാണ് രജത് പഠിതാര്‍. ഐപിഎല്‍ പ്രകടനത്തിനു പിന്നാലെ താരത്തെ അഭിനന്ദിച്ച് കാര്‍ത്തിക് എത്തിയിരുന്നു.

“എന്നെ അഭിനന്ദിക്കുന്ന അദ്ദേഹത്തിന്റെ ട്വീറ്റ് ഞാൻ കണ്ടു. ആ ട്വീറ്റ് എന്നെ വളരെയധികം സന്തോഷിപ്പിക്കുകയും ആത്മവിശ്വാസം വളർത്താൻ സഹായിക്കുകയും ചെയ്തു, അദ്ദേഹം എനിക്ക് ഒരു ആരാധനാപാത്രമാണ്, കൂടാതെ അദ്ദേഹം വർഷങ്ങളായി ഇന്ത്യക്ക് വേണ്ടി കളിക്കുന്നു. അദ്ദേഹം എന്നെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി. ”’ രജത് പഠിതാര്‍ പറഞ്ഞു.

“എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും എന്റെ ആരാധനാപാത്രങ്ങളാണ്. ഇവരെപ്പോലുള്ള കളിക്കാർ വലിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളാണ്. ആദ്യമായി അവരെ കണ്ടപ്പോൾ ഞാൻ വളരെ പരിഭ്രാന്തനായിരുന്നു, പക്ഷേ അവർ എന്നെ സമീപിച്ചു, അത് എനിക്ക് മറ്റൊരു മികച്ച നിമിഷമായിരുന്നു.” പഠിതാര്‍ കൂട്ടിചേര്‍ത്തു.

ന്യൂസിലന്‍റ് എ ക്കെതിരെയുള്ള പരമ്പരയിലും താരം ഭാഗമായിരുന്നു. ടെസ്റ്റില്‍ 176 ഉം 109 റണ്‍സും നേടിയ താരം ഏകദിന പരമ്പരയില്‍ 45 ഉം 20 ഉം റണ്‍സ് നേടി.