സഞ്ചു സാംസണിന്‍റെ സെഞ്ചുറി പാഴായി. അവസാന ഓവറില്‍ പഞ്ചാബിനു വിജയം.

ക്യാപ്റ്റനായ കന്നി മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സഞ്ചു സാംസണിനു സാധിച്ചില്ലാ. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 4 റണ്ണിനായിരുന്നു പഞ്ചാബിന്‍റെ വിജയം. അവസാന 2 പന്തില്‍ 5 റണ്‍ വേണമെന്നിരിക്കെ അനായാസമായി ലഭിക്കുമായിരുന്ന സിംഗിള്‍ സഞ്ചു സാംസണ്‍ എടുത്തില്ലാ. അവസാന പന്താകട്ടെ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറിയരികില്‍ ക്യാച്ചായി മാറി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു തുടക്കത്തിലേ വിക്കറ്റ് നഷ്ടമായെങ്കിലും ചെറിയ ചെറിയ വലിയ കൂട്ടുകെട്ടിലൂടെ വിജയലക്ഷ്യത്തിലേക്ക് നീങ്ങി. 63 പന്തില്‍ 12 ഫോറും 7 സിക്സുമായി 119 റണ്‍ നേടി ക്യാപ്റ്റന്‍ ഇന്നിംഗ്സ് കളിച്ച സഞ്ചു സാംസണായിരുന്നു രാജസ്ഥാനെ മുന്നോട്ട് നയിച്ചത്. ബട്ട്ലര്‍ (25), ശിവം ഡൂബെ(23), പരാഗ് (25) എന്നിവര്‍ സഞ്ചുവിനു കൂട്ടായി നിന്നു.

അവസാന ഓവറില്‍ 13 റണ്‍സ് വേണമെന്നിരിക്കെ, വെറും 8 റണ്‍ മാത്രമാണ് യുവതാരമായ അര്‍ഷദീപ് വിട്ടുകൊടുത്തത്. പഞ്ചാബിനു വേണ്ടി അര്‍ഷദീപ് 3 വിക്കറ്റ് നേടി. ഷാമി 2 വിക്കറ്റ് നേടിയപ്പോള്‍ റിച്ചാര്‍ഡ്സന്‍, മെറിഡത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബിനു വേണ്ടോ നായകന്‍ കെഎല്‍ രാഹുല്‍ (91), ദീപക് ഹൂഡ (64) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് പഞ്ചാബിനെ വമ്പന്‍ സ്കോറിലെത്തിച്ചത്. 50 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് 91 റണ്‍സോടെ രാഹുല്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്. വെറും 28 ബോളില്‍ നാലു ബൗണ്ടറികളും ആറു സിക്‌സറുകളുമടക്കമാണ് ദീപക്ക് ഹൂഡ 64 റണ്‍സ് നേടിയത്.

തുടക്കത്തിലേ മായങ്ക് അഗര്‍വാളിനെ നഷ്ടമായെങ്കിലും ക്രിസ് ഗെയ്ല്‍ (40) വന്നതോടെ പഞ്ചാബ് സ്കോറിങ്ങ് റേറ്റ് ഉയരുകയായിരുന്നു. നിക്കോളാസ് പൂരന്‍ (0), ജൈ റിച്ചാര്‍ഡ്‌സന്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഷാരൂഖ് ഖാന്‍ ആറു റണ്‍സുമായി പുറത്താകതെ നിന്നു.

രാജസ്ഥാനു വേണ്ടി ഐപിഎല്ലിലെ കന്നി മല്‍സരം കളിച്ച യുവ പേസര്‍ ചേതന്‍ സക്കരിയയാണ് ബൗളിങില്‍ തിളങ്ങിയത്. അവസാന ഓവറിലെ രണ്ടു വിക്കറ്റുകളടക്കം മൂന്നു വിക്കറ്റുകള്‍ താരം വീഴ്ത്തി. ക്രിസ് മോറീസ് 2 വിക്കറ്റ് നേടിയപ്പോള്‍ 1 വിക്കറ്റ് പരാഗ് നേടി.