പ്രതീക്ഷകള്‍ നല്‍കി തുടങ്ങി. മോശം ഷോട്ടിലൂടെ വീണ്ടും സഞ്ചു സാംസണ്‍ പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തില്‍ മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ദേവ്ദത്ത് പഠിക്കലിനെയും സഞ്ചു സാംസണിനെയും സ്കോര്‍ ബോര്‍ഡില്‍ 54 റണ്‍സുള്ളപ്പോള്‍ രാജസ്ഥാന് നഷ്ടമായി.

ഇരുവരും മികച്ച രീതിയിലാണ് തുടങ്ങിയത്. ഡാനിയല്‍ സാംസിനെ ഹാട്രിക്ക് ഫോറടിച്ച് തുടങ്ങിയ ദേവ്ദത്ത്, ഹൃതിക്കിന്‍റെ പന്തില്‍ പൊള്ളാര്‍ഡിനു ക്യാച്ച് നല്‍കി. ടോസ് ചെയ്ത് എറിഞ്ഞ ബോളില്‍ സിക്സടിക്കാനുള്ള ശ്രമമാണ് പൊള്ളാര്‍ഡിന്‍റെ കൈകളില്‍ അവസാനിച്ചത്.

image 82

ഈ ട്രിക്ക് സഞ്ചു സാംസണിനെതിരെ പയറ്റി നോക്കിയെങ്കിലും രണ്ട് സിക്സറുകള്‍ മലയാളി താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. ഒരു സിക്സ് 98 മീറ്റര്‍ ദൂരമാണ് പോയത്. അടുത്ത ഓവറില്‍ അരങ്ങേറ്റ താരം കുമാര്‍ കാര്‍ത്തികയയേ നേരിട്ട ആദ്യ പന്തില്‍ തന്നെ ആക്രമിക്കാനുള്ള ശ്രമം ടിം ഡേവിഡിന്‍റെ കൈകളില്‍ ഒതുങ്ങി.

7 പന്തില്‍ 16 റണ്ണാണ് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ നേടിയത്. ഈ സീസണില്‍ 244 റണ്‍സാണ് സഞ്ചു സാംസണ്‍ ഇതുവരെ നേടിയിരിക്കുന്നത്.