ബാറ്റിങ് ഭൂലോക ദുരന്തം. രാജസ്ഥാനെ നാണംകെടുത്തി ഗുജറാത്ത്. പ്ലേയോഫ് സാധ്യത തുലാസിൽ.

FvXxWkuXoAA0uvl scaled

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും പരാജയമറിഞ്ഞ് രാജസ്ഥാൻ റോയൽസ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ ദയനീയ പരാജയമാണ് രാജസ്ഥാൻ നേരിട്ടത്. ബാറ്റിംഗ് നിരയുടെ പൂർണ്ണമായ പരാജയമായിരുന്നു രാജസ്ഥാന് മത്സരത്തിൽ വിനയായി മാറിയത്. സഞ്ജു സാംസൺ ഒഴികെ മറ്റൊരു ബാറ്ററും മത്സരത്തിൽ മികവു കാട്ടിയില്ല. രാജസ്ഥാന്റെ സീസണിലെ അഞ്ചാം പരാജയമാണിത്. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് പോലും മങ്ങലേറ്റിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ വമ്പൻ വിജയങ്ങൾ സ്വന്തമാക്കിയാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫിലേത്താൻ സാധിക്കൂ.

ജയ്പൂരിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമായിരുന്നില്ല രാജസ്ഥാന് ലഭിച്ചത്. ആദ്യ ഓവറുകളിൽ ഓപ്പണർ ജെയിസ്വാൾ(11) അടിച്ചുതകർക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് കൂടാരം കയറുകയായിരുന്നു. ശേഷമെത്തിയ സഞ്ജു സാംസനും ആദ്യബോളുകളിൽ വെടിക്കെട്ട് തീർത്തു. എന്നാൽ 20 പന്തുകളിൽ 30 റൺസെടുത്ത സഞ്ജു കൂടാരം കയറിയതോടെ രാജസ്ഥാന്റെ ദുരന്തം ആരംഭിക്കുകയായിരുന്നു. പിന്നീടെത്തിയ ഒരു ബാറ്റർക്കുപോലും കൃത്യമായി ക്രീസിൽ ഉറയ്ക്കാനോ റൺസ് കണ്ടെത്താനോ സാധിക്കാതെ വന്നു. മറ്റൊരു ബാറ്ററും തിളങ്ങാതെ വന്ന സാഹചര്യത്തിൽ ഗുജറാത്ത് സ്പിന്നർമാർ അവസരം മുതലെടുക്കുകയും ചെയ്തു. മത്സരത്തിൽ കേവലം 118 റൺസിന് രാജസ്ഥാൻ ഓൾഔട്ട് ആവുകയായിരുന്നു. ഗുജറാത്തിനായി സ്പിന്നർ റാഷിദ് ഖാൻ മൂന്നും നൂർ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Read Also -  ബാറ്റിംഗിൽ ഉഗ്രന്‍ പ്രകടനവുമായി അഖിൽ എംഎസ്. തൃശൂരിനെ വീഴ്ത്തി ട്രിവാൻഡ്രം. 8 വിക്കറ്റിന്റെ വിജയം.

119 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിനായി മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ പോസിറ്റീവായ രീതിയിൽ ബാറ്റ് വീശാൻ ഗുജറാത്ത് ബാറ്റർമാർക്ക് സാധിച്ചു. വൃദ്ധിമാൻ സാഹ ആയിരുന്നു പവർപ്ലേ ഓവറുകളിൽ ഗുജറാത്തിനായി നിറഞ്ഞാടിയത്. ആദ്യ 6 ഓവറുകളിൽ വിക്കറ്റുകൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം രാജസ്ഥാന്റെ കൈവിട്ടു പോകുന്നതാണ് കണ്ടത്.

ആദ്യ വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ട് ആയിരുന്നു സാഹയും ഗിലും(36) ചേർന്ന് ഗുജറാത്തിനായി കെട്ടിപ്പടുത്തത്. ഗിൽ കൂടാരം കയറിയ ശേഷമെത്തിയ നായകൻ ഹർദിക്ക് പാണ്ട്യയും ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുകയുണ്ടായി. മത്സരത്തിൽ സാഹ 34 പന്തുകളിൽ 41 റൺസ് ആണ് നേടിയത്. മത്സരത്തിൽ വെടിക്കെട്ട് തീർത്ത നായകൻ പാണ്ഡ്യ 15 പന്തുകളിൽ 39 റൺസ് നേടി. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും മൂന്നു സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ 37 പന്തുകൾ ബാക്കി നിൽക്കുകയായിരുന്നു ഗുജറാത്തിന്റെ ഈ സൂപ്പർ വിജയം. ഈ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ വലിയ രീതിയിൽ വർദ്ധിപ്പിക്കാൻ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്.

Scroll to Top