അവൻ ഇപ്പോൾ ഇരിക്കുന്നത് വോണും ദ്രാവിഡും ഇരുന്ന മഹത്തായ കസേരയിൽ : മലയാളി നായകനെ വാനോളം പുകഴ്ത്തി റൈഫി വിന്‍സന്റ് ഗോമസ്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി മലയാളി താരം സഞ്ജു സാംസണെ ടീം മാനേജ്‌മന്റ് തീരുമാനിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികളും മലയാളി ആരാധകരും ഏറെ ആവേശത്തിലും അതുപോലെ ആശങ്കയിലുമായിരുന്നു  .നായക സ്ഥാനം ഏറ്റെടുക്കുമ്പോൾ താരത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കുമോ എന്നതായിരുന്നു ചിലരുടെയൊക്കെ ആശങ്ക  .ഇതിനുള്ള മറുപടി പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു നില്‍കി. മത്സരത്തിലുടനീളം ശാന്തനായിരുന്നു സഞ്ജു. സെഞ്ചുറി നേടിയപ്പോള്‍ പോലും സഞ്ജു അമിത ആഘോഷമൊന്നും കാണിച്ചില്ല .മത്സരം ജയിപ്പിക്കുവാൻ കഴിഞ്ഞില്ല എങ്കിലും ടീമിനായി മികച്ച പോരാട്ട വീര്യം  കാഴ്ചവെക്കുവാൻ സഞ്ജുവിന് കഴിഞ്ഞു .

ഇപ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരവും സഞ്ജുവിന്റെ മെന്ററുമായ റൈഫി വിന്‍സന്റ് ഗോമസ്.
നേരത്തെ ലോക്ക്ഡൗൺ  സമയത്തിൽ റൈഫിക്കൊപ്പം സഞ്ജു കഠിന പരിശീലനം നടത്തിയിരുന്നു .”ടീമിനെ നയിക്കാനുള്ള കഴിവ് സഞ്ജുവിന്  ജന്മസിദ്ധമായി ലഭിച്ചതാണ്. അത്   അവന്റെ കരിയറിലൊരു പുതിയ കാര്യമല്ല. താരങ്ങളെ പിന്തുണക്കുന്നതിന് സഞ്ജു സാംസൺ  പലപ്പോഴും മുന്‍ഗണന നല്‍കാറുണ്ട്. താരങ്ങള്‍ക്ക് മികച്ച പ്രകടനം ടീമിനായി എപ്പോഴും  പുറത്തെടുക്കാന്‍ ആത്മവിശ്വാസം നൽകുന്നവനാണ്  സഞ്ജു .സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ പുറത്തെടുത്ത പ്രകടനം പോലെ മുന്നില്‍ നിന്ന് നയിക്കാനും കഴിയാറുണ്ട് ” റൈഫി വാചാലനായി .

സെഞ്ച്വറി നേടിയ മത്സരത്തിൽ സഞ്ജു എല്ലാ സമയത്തിലും ശാന്തത കാത്തുസൂക്ഷിച്ചിരുന്നു .അത് അവന്റെ കൈമുതലാണ് . ഈ പക്വതയും ശാന്തതയും സഞ്ജുവിന്  വന്നുചേര്‍ന്നത് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പരിശീലനത്തിന് കീഴിലാണ് .അവൻ
ഇരുവര്‍ക്കുമൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ ഏറെ  സമയം ചിലവഴിച്ചിട്ടുണ്ട്  അവരുമൊത്തുള്ള അനുഭവത്തില്‍ നിന്നാണ് ഈ ഗുണങ്ങള്‍  സഞ്ജുവിന് ലഭിച്ചത് ” റൈഫി വിശദീകരിച്ചു .

കൂടാതെ സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവിനെയും റൈഫി പുകഴ്ത്തി . “ഇന്നലെ സഞ്ജുവിന്റെ ക്യാപറ്റന്‍സിയും മനോഹരമായിരുന്നു. ഗെയ്ൽ അടിച്ചുതകര്‍ക്കുമ്പോഴാണ് യുവതാരം  റിയാന്‍ പരാഗിനെ പന്തെറിയാന്‍  വേണ്ടി സഞ്ജു സാംസൺ കൊണ്ടുവന്നത്. ഗെയ്ല്‍ ആ ഓവറില്‍ പുറത്താവുകയും ചെയ്തു. ബൗളര്‍മാരെ ഉപയോഗിക്കാന്‍ സഞ്ജുവിന് നന്നായി അറിയാം. ഫീല്‍ഡര്‍മാരെ നിര്‍ത്തിയതും ഗംഭീരമായിരുന്നു.” റൈഫി ഇപ്രകാരം  പറഞ്ഞുനിര്‍ത്തി.