അവൻ തെറ്റുകളിൽ നിന്നും പാഠങ്ങൾ പഠിച്ചിട്ടുണ്ടാകും : പ്രതീക്ഷകൾ പങ്കുവെച്ച് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എക്കാലവും വളരെ അധികം പ്രതിഭാശാലികളായ താരങ്ങളെ കൊണ്ട് അനുഗ്രഹീതമാണ്.ഇപ്പോൾ യുവ നിരയുമായി ഇന്ത്യൻ സംഘത്തിന്റെ ലങ്കൻ പര്യടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം ചർച്ച ദ്രാവിഡ്‌ പരിശീലകനായി എത്തുന്ന ടീമിലെ താരങ്ങളെ കുറിച്ചാണ്. നിലവിൽ ശ്രീലങ്കയിലുള്ള ടീമിലെ പ്രധാന ഓപ്പണിങ് ബാറ്റ്‌സ്മാനും ഭാവി ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാനെന്ന വിശേഷണം നേടിയെടുത്ത പൃഥ്വി ഷാ കരിയറിൽ വളരെ നിർണായകമായ സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ് ഇപ്പോൾ. മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ താരം ഒരിടവേളക്ക് ശേഷം കളിക്കുന്ന പരമ്പര കൂടിയാണ് ലങ്കക്ക് എതിരെ നടക്കുവാൻ പോകുന്നത്.

എന്നാൽ ലിമിറ്റഡ് ഫോർമാറ്റിൽ താരം വീണ്ടും ബാറ്റിംഗിന് ഇറങ്ങുമ്പോൾ മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ ആവർത്തിച്ച തെറ്റുകളെ കുറിച്ചാണ് ആരാധകരുടെ ആശങ്ക. ഇക്കാര്യത്തിൽ ഷാക്ക് പിന്തുണയുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ ടീം പരിശീലകൻ അൻഷുമാൻ ഗെയ്ക്ഗ്വാദ്. “വളരെ പ്രതിഭയുള്ള താരമാണ് അവൻ. പക്ഷേ അവൻ ഇന്ത്യൻ ടീമിൽ പല വിധ കാരണങ്ങളാൽ സ്ഥിരമായിട്ടില്ല. ഏറെ കഴിവുള്ള അവൻ അതിവേഗം സ്കോർ കണ്ടെത്തുന്ന ഒരു താരമാണ്. ഏതൊരു ബൗളിംഗ് നിരയെയും അനായസം നേരിട്ട് ഷോട്ടുകൾ കളിക്കുവാൻ കഴിവുള്ള ഷാ ഈ പരമ്പരയിലെ അവസരത്തെ മികച്ച രീതിയിൽ വിനിയോഗിക്കുമെന്നാണ് എന്റെ വിശ്വാസം “മുൻ പരിശീലകൻ അഭിപ്രായം വിശദമാക്കി

“പൃഥ്വി ഷായുടെ കരിയറിലെ ഏറ്റവും മികച്ച അവസരമാണിത്. സമ്മർദ്ദം ഇല്ലാതെ കളിക്കുവാൻ അവന് ലങ്കക്ക് എതിരെ സാധിക്കണം.ലങ്കൻ പരമ്പര അവന് നിർണായകമാകുന്നതും ഈ ഒരൊറ്റ കാരണത്താലാണ്. ഇതിഹാസ താരങ്ങൾ പലരെയും മാതൃകയാക്കാൻ ഷാ തയ്യാറാവണം. അവന്റെ തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാവണം ഇനി ബാറ്റ്‌ ചെയ്യേണ്ടത്” അൻഷുമാൻ ഗെയ്ക്ഗ്വാദ് ഉപദേശം നൽകി. താരം ഇത്തവണ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനായി 8 മത്സരങ്ങളിൽ നിന്നായി 308 റൺസ് നേടി.