സെലക്ടര്‍മാരെ കണ്ണു തുറക്കൂ….തകര്‍പ്പന്‍ സെഞ്ചുറിയുമായി പൃഥി ഷാ

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി പൃഥി ഷാ. അസമിനെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനമാണ് താരം നടത്തിയത്. മത്സരത്തിന്‍റെ ആദ്യ ഓവറില്‍ തന്നെ 20 റണ്‍സ് നേടിയാണ് പൃഥി ഷാ തുടക്കമിട്ടത്.

19 ബോളില്‍ അര്‍ദ്ധസെഞ്ചുറി കുറിച്ച താരം പിന്നെയും ആക്രമണ ബാറ്റിംഗ് കാഴ്ച്ചവച്ചു. 46 പന്തില്‍ നിന്നുമാണ് മുംബൈ താരം സെഞ്ചുറി നേടിയത്. മത്സരത്തിന്‍റെ 18ാം ഓവറില്‍ മുംബൈ ഓപ്പണര്‍ പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 200 റണ്‍സ് ഉണ്ടായിരുന്നു.

61 പന്തില്‍ 13 ഫോറും 9 സിക്സും സഹിതം 134 റണ്‍സ് നേടിയാണ് പൃഥി ഷാ പുറത്തായത്. 219.67 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. പൃഥി ഷായുടെ സെഞ്ചുറി പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്.

താരം ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തുടരുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കുന്നില്ല. ഇക്കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ലാ. ഇപ്പോഴിതാ തകര്‍പ്പന്‍ പ്രകടനത്തോടെ 55*(34) 29(12) 134(61) സെലക്ടേഴ്സിന്‍റെ ശ്രദ്ധ തിരിക്കുകയാണ്‌.