അവൻ സെവാഗ് തന്നെ:കളിച്ചാൽ എല്ലാ കളിയും ഇന്ത്യക്ക് തന്നെയെന്ന് മുരളീധരൻ

ശ്രീലങ്കക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിൽ ഗംഭീര ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ എല്ലാം കാഴ്ചവെച്ചത്. ഓപ്പണർ പൃഥ്വി ഷായുടെയും ഒപ്പം ഇഷാൻ കിഷന്റെയും വെടിക്കെട്ട് ബാറ്റിങ് ഏറെ കയ്യടികൾ നേടിയപ്പോൾ നായകൻ ശിഖർ ധവാൻ ഓപ്പണിങ്ങിൽ തന്റെ മികവും തെളിയിച്ചു. മത്സരത്തിൽ ആദ്യ ഓവർ മുതൽ ഷോട്ട് കളിച്ച പൃഥ്വി ഷാ വെടിക്കെട്ട് ബാറ്റിങ് ശൈലിയാൽ വീണ്ടും മുൻ ഇതിഹാസ ഓപ്പണർ സെവാഗുമായി വീണ്ടും ക്രിക്കറ്റ്‌ ചർച്ചകളിൽ താരതമ്യങ്ങൾക്ക് എല്ലാം വിധേയനായി കഴിഞ്ഞു. മുൻപ് ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ഫോർമാറ്റിലും കളിച്ച ഷാ വിമർശനങ്ങൾക്കെല്ലാം മറുപടിയാണ് ആദ്യ ഏകദിനത്തിലെ പ്രകടനത്തോടെ നൽകിയത്.

എന്നാൽ താരത്തെ ഇപ്പോൾ വാനോളം പുകഴ്ത്തി മുൻ ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ രംഗത്ത് എത്തിയിരിക്കുകയാണ്. പൃഥ്വി ഷാ വീണ്ടും സെവാഗിനെ ഓർമിപ്പിക്കുകയാണ് എന്നും മുരളീധരൻ അഭിപ്രായപെടുന്നു. ഇത്തരം ഒരു ശൈലി മുൻപ് സെവാഗിൽ മാത്രം കണ്ടിട്ടുണ്ട് എന്നും വിശദീകരിച്ച മുരളി ഭാവി ഇന്ത്യൻ ടീമിന്റെ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനായി ഷാ വളരുമെന്നും ഉറച്ച പ്രതീക്ഷകൾ പങ്കുവെച്ചു.

“പൃഥ്വി ഷാ പ്രതിഭയാണ്. ഏതൊരു എതിർ ബൗളിംഗ് നിരയെയും ഭയമില്ലാതെ തന്നെ കളിക്കാൻ അവന് കഴിയും. എന്റെ ഒരു അഭിപ്രായം ഈ ശൈലിയിൽ പൃഥ്വി ഷാ ഏറ്റവും അധികം തിളങ്ങുക ടി :20യിലും ഒപ്പം ഏകദിന ക്രിക്കറ്റിലുമാകും.ഒരുപാട് റിസ്ക് എടുത്താണ് അവൻ കളിക്കുന്നത്. അനായാസം സ്കോറിങ് ഉയർത്തുവാൻ കഴിവുള്ള അവന് എതിരാളികളെ എല്ലാം അതിവേഗം സമ്മർദ്ധത്തിലാക്കുവാൻ സാധിക്കും.അവന്റെ ബാറ്റിങ് എനിക്ക് സെവാഗിനെയാണ് ഓർമിപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അതിവേഗം സ്കോർ ഉയർത്തുന്ന അവൻ തിളങ്ങിയാൽ മത്സരം ഇന്ത്യ ജയിക്കാനുള്ള സാധ്യതയും വളരെ അധികമാണ് “മുരളീധരൻ അഭിപ്രായം വ്യക്തമാക്കി.