പ്രസീദ് കൃഷ്ണയെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കണം : ശക്തമായ ആവശ്യവുമായി സുനിൽ ഗവാസ്‌ക്കർ

ഇംഗ്ലണ്ട് എതിരായ ആദ്യ ഏകദിനത്തിൽ
സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയ ഇന്ത്യൻ പേസ് ബൗളർ പ്രസീദ് കൃഷ്ണ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു .
താരത്തെ വൈകാതെ  ടെസ്റ്റിലേക്കും പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ  ഇന്ത്യൻ  താരം സുനിൽ ഗവാസ്‌ക്കർ .
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ്  അരങ്ങേറ്റം നടത്തിയ പ്രസീദ് കൃഷ്ണ 4 വിക്കറ്റും  തുടർന്ന് ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ 2 വിക്കറ്റുകളും  വീഴ്ത്തിയിരുന്നു.

“ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങളിൽ താരത്തിന്റെ പ്രകടനം നോക്കുമ്പോൾ സെലെക്ടർമാർ ഉറപ്പായും   ടെസ്റ്റ് ടീമിലേക്ക് കൂടി  പ്രസീദ് കൃഷ്ണയെ പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം .ജസ്പ്രീത് ബുംറയെ പോലെ ടി20യിലൂടെയും പിന്നീട്  ഏകദിനത്തിലൂടെയും പ്രസീദ് കൃഷ്ണക്ക് ടെസ്റ്റ് ടീമിലേക്ക് എത്താൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത് .
ബൗളിങ്ങിൽ താരത്തിന്റെ വേഗതയും സിങ്ങും ടെസ്റ്റിൽ മികച്ച ബൗളറാവാൻ അദ്ധേഹത്തെ സഹായിക്കും ” ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി .

നേരത്തെ ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് പ്രസീദ് കൃഷ്ണ സ്വന്തം പേരിലാക്കിയത് .  ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി ഏകദിന അരങ്ങേറ്റത്തിൽ ഒരു താരം നാല്  വിക്കറ്റുകൾ വീഴ്ത്തുന്നത്.
പ്രസീദ് കൃഷ്ണയുടെ  4-54 എന്ന ആദ്യ ഏകദിനത്തിലെ അത്ഭുത ബൗളിംഗ്    പ്രകടനത്തോടെ  തകർന്നത്  1997ൽ അരങ്ങേറ്റത്തിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത നോയൽ ഡേവിഡിന്റെ റെക്കോർഡ് ബൗളിംഗ് പ്രകടനമാണ് . ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരമായ പ്രസീദ് സ്ഥിരതയോടെ 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന താരമാണ് .