ബംഗ്ലാദേശ് എതിരായ പരമ്പരയിൽ ബാറ്റിംഗ് മോശം : വിൻഡീസ് ടീമിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് കോച്ച് ഫിൽ സിമ്മൺസ്

ബംഗ്ലാദേശ് ടീമിനോട് നാണംകെട്ട രീതിയില്‍  ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട  വിൻഡീസ് ക്രിക്കറ്റ് ടീമിന്  ഇനിയും താഴേക്ക് പതിക്കുവാന്‍ സാധിക്കില്ലെന്നത് മാത്രമാണ് താന്‍ ഗുണകരമായി കാണുന്ന  ഒരു കാര്യമെന്ന തുറന്ന് പറച്ചിലുമായി  വിൻഡീസ്  ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. 122, 148, 177 എന്നിങ്ങനെയുള്ള സ്കോറുകളാണ് വിന്‍ഡീസ് ടീം ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ 3
മത്സരങ്ങളിലായി നേടിയത്.

വിൻഡീസ് ടീമിനെ സംബന്ധിച്ചിടത്തോളം  ഇവിടെ നിന്ന് ഇനി ടീമിന് മുന്നോട്ട് മാത്രമേ പോകുവാനാകുള്ളു എന്നതാണ് താന്‍ കാണുന്ന പോസിറ്റീവ് വശമെന്ന് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. വളരെ അധികം മാറ്റങ്ങൾ ഓരോ വിന്‍ഡീസ്  താരങ്ങളും തങ്ങളുടെ ബാറ്റിംഗില്‍ വരുത്താനുണ്ടെന്നും സിമ്മണ്‍സ്  അഭിപ്രായപ്പെട്ടു .

സ്പിന്‍  ബൗളിങ്ങിനെ നേരിടുന്നത് ഇപ്പോൾ വിൻഡീസിന് ഒരു വെല്ലുവിളിയാണ് .സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കാനാകണമെന്നും കൂടാതെ  സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ബൗണ്ടറികള്‍ നേടുവാനും ടീം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ഇപ്പോൾ അവസാനിച്ച  ബംഗ്ലാദേശിനെതിരായ പരമ്പരയിലെ പ്രകടനം തീര്‍ത്തും മോശമായിരുന്നുവെന്നും ഫില്‍ സമ്മണ്‍സ് സമ്മതിച്ചു .

പരമ്പരയിലെ ബാറ്റിംഗ് നിരയുടെ  പ്രകടനത്തിൽ കോച്ച് ഏറെ  നിരാശനാണെങ്കിലും ബൗളർമാരെ കുറ്റം പറയുവാൻ സിമ്മൺസ് തയ്യാറായില്ല .
ബൗളിംഗ് നിര എതിരാളികളെ ഈ വിക്കറ്റില്‍ 300ല്‍ താഴെയുള്ള സ്കോറില്‍ പിടിച്ചു കെട്ടിയത് മികച്ച കാര്യമാണെന്നും എന്നാല്‍ ബാറ്റ്സ്മാന്മാര്‍ പരമ്പരയില്‍ ഉടനീളം മോശം പ്രകടനം കാഴ്ചവെച്ചത് ടീമിന് തിരിച്ചടിയായെന്നും ഫില്‍ സിമ്മണ്‍സ് പറഞ്ഞു .