ഇത്തവണയും കപ്പ് മുംബൈക്ക് തന്നെ : വമ്പൻ ഐപിൽ പ്രവചനവുമായി പാർഥിവ് പട്ടേൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ തുടങ്ങുവാൻ വേണ്ടി ഏറെ ആവേശത്തോടെ  കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ .ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിൽ ഇത്തവണ ആര് ജേതാക്കളാകും എന്ന ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് .

എന്നാൽ ഐപിഎല്ലിന്റെ 14ാം സീസണിലും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ജേതാക്കളാവുമെന്ന് മുന്‍ ഇന്ത്യന്‍  ടീമിന്റെ  വിക്കറ്റ്  കീപ്പറും  ഇപ്പോൾ മുംബൈ  ടീമിന്റെ ടാലന്റ് സ്‌കൗട്ടുമായ പാര്‍ഥീവ് പട്ടേല്‍ പ്രവചിക്കുന്നു .കഴിഞ്ഞ 2 സീസണിലും മുംബൈ ഇന്ത്യൻസ് തന്നെയായിരുന്നു ഐപിൽ കിരീട അവകാശികൾ.
ഇത്തവണ ഹാട്രിക്ക് കിരീടം ലക്ഷ്യമാക്കുന്ന രോഹിത്തും സംഘവും അതിനുള്ള തയ്യാറെടുപ്പിലാണ് .

പാർഥിവ് പട്ടേലിന്റെ വാക്കുകൾ ഇപ്രകാരമാണ് “ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ അന്തിമ വിജയം നേടുവാനായിട്ടില്ല. എന്നാല്‍ ഇത്തവണ മുംബൈ ഇത് ഉറപ്പായും സാധിച്ച്  പുതിയ ചരിത്രം കുറിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം . വരാനിരിക്കുന്ന സീസണിന് മുൻപ്  മുംബൈ എല്ലാ ഏരിയകളും കവര്‍ ചെയ്തു കഴിഞ്ഞു. ഇപ്പോൾ ടീം എല്ലാത്തിനും ശക്തമാണ് .ടീമിലിപ്പോൾ  പോരായ്മകളൊന്നും  ഇല്ല. കഴിഞ്ഞ സീസണിലേത് പോലെ മുംബൈ ടീം  ഒത്തൊരുമയായോടെ തന്നെ കളിക്കുവാനിറങ്ങും .ഇത്തവണ കിരീടം മുംബൈ നേടും” പാർഥിവ് തന്റെ അഭിപ്രായം വിശദമാക്കി .

ഇത്തവണ ടീമിലേക്ക് ഒരു സ്പിന്നറെ കൂടി മുംബൈ സ്‌ക്വാഡിൽ എത്തിച്ചത് വളരെ മികച്ച തീരുമാനമെന്നാണ് പാർഥിവ് അഭിപ്രായം പറയുന്നത് .”കഴിഞ്ഞ സീസണിലെ മുംബൈ ടീമിനെ നോക്കിയാല്‍ പരിചയസമ്പന്നനായ ഒരു സ്പിന്നര്‍ ഇല്ലായിരുന്നുവെന്ന് കാണാന്‍ സാധിക്കും. രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു സ്പിന്‍ കൈകാര്യം ചെയ്തത്. പരിചയസമ്പത്തുള്ള ഒരു സ്പിന്നറെ പുതിയ സീസണില്‍ മുംബൈ ടീമിന് ഏറെ  ആവശ്യമായിരുന്നു. അത്  തന്നെയാണ് കഴിഞ്ഞ  താരലേലത്തില്‍ 
മുംബൈ ടീം മാനേജ്‌മന്റ് ചൗളയെ ടീമിൽ എത്തിച്ച് ചെയ്തത് “പാർഥിവ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയിൽ പറഞ്ഞു .