സാക്ഷാൽ ധോണിയെ പിന്നിലാക്കി റിഷഭ് പന്ത്. സെഞ്ച്വറി നേട്ടത്തിൽ ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ ഒരു വെടിക്കെട്ട് റെക്കോർഡാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് പേരിൽ ചേർത്തിരിക്കുന്നത്. ഇന്ത്യൻ ടീമിനായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കുന്ന കീപ്പർ എന്ന ലിസ്റ്റിലാണ് ഇപ്പോൾ പന്ത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യൻ ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് പന്തിന്റെ ഈ കുതിപ്പ്. തന്റെ ടെസ്റ്റ് കരിയറിൽ 6 സെഞ്ച്വറികൾ ആയിരുന്നു ധോണി സ്വന്തമാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ 7 സെഞ്ച്വറികൾ സ്വന്തമാക്കി പന്ത് മറികടന്നത്.

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 3 സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള വൃദ്ധിമാൻ സാഹയാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റിലെ സിക്സർ റെക്കോർഡിലും ധോണിയെ മറികടക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ 76 ടെസ്റ്റ് ഇന്നിംഗ്സുകൾ കളിച്ച പന്ത് 79 സിക്സറുകൾ സ്വന്തമാക്കുകയുണ്ടായി. ധോണി 144 ഇന്നിങ്സുകളിൽ നിന്ന് 78 സിക്സറുകളായിരുന്നു ടെസ്റ്റ് മത്സരങ്ങളിൽ സ്വന്തമാക്കിയിരുന്നത്. നിലവിൽ പന്തിന് മുകളിൽ ഈ ലിസ്റ്റിൽ നിൽക്കുന്നത് സേവാഗും രോഹിത്തും മാത്രമാണ്. 88 സിക്സറുകൾ ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. 90 സിക്സറുകളാണ് സേവാഗ് സ്വന്തമാക്കിയിട്ടുള്ളത്.

മത്സരത്തിൽ ഒരു വെടിക്കെട്ട് തന്നെയായിരുന്നു പന്ത് കാഴ്ചവച്ചത് ഇംഗ്ലീഷ് സ്പിന്നർ ഷോയിബ് ബഷീറിനെതിരെ ഒരു സിക്സർ നേടിയാണ് പന്ത് മൂന്നക്കത്തിൽ എത്തിയത്. ഇത് മൂന്നാം തവണയാണ് സിക്സറിലൂടെ പന്ത് ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കുന്നത്. ഈ 3 തവണയും ഇംഗ്ലീഷ് സ്പിന്നർമാർക്കെതിരെയാണ് പന്ത് സിക്സർ നേടിയത്. മുൻപ് അദിൽ റഷീദിനെതിരെ സിക്സർ നേടി സെഞ്ചുറി തികയ്ക്കാനും, ജോ റൂട്ടിനെതിരെ ഇത്തരമൊരു നേട്ടം സ്വന്തമാക്കാനും പന്തിന് സാധിച്ചിരുന്നു.

ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ സിക്സർ നേടി സെഞ്ച്വറി സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സച്ചിൻ ടെണ്ടുൽക്കറാണ്. തന്റെ കരിയറിൽ 6 തവണ സച്ചിൻ സിക്സർ നേടി സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ ഈ നേട്ടം 3 തവണ പേരിൽ ചേർക്കുകയുണ്ടായി. ഇവർക്ക് ശേഷമാണ് ഇപ്പോൾ പന്ത് ഇത്തരത്തിൽ ഒരു നേട്ടത്തിൽ എത്തിയത്. മത്സരത്തിൽ 178 ബോളുകളിൽ 134 റൺസ് ആണ് പന്ത് സ്വന്തമാക്കിയത്. 12 ബൗണ്ടറികളും 6 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.