പാക്കിസ്ഥാന്‍ മണ്ണില്‍ അടിയോടടി. തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ ആറാം മത്സരത്തില്‍ ഇംഗ്ലണ്ടിനു വിജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെടിക്കെട്ട് പ്രകടനത്തോടെ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 14.3 ഓവറില്‍ നേടിയെടുത്തു. പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി. അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയ ഫില്‍പ്പ് സാള്‍ട്ടാണ് വിജയമൊരുക്കിയത്

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടും – അലക്സ് ഹെയ്ല്‍സും മികച്ച തുടക്കമാണ് നല്‍കിയത്. അലക്സ് ഹെയ്ല്‍സ് (12 പന്തില്‍ 27) നാലാം ഓവറില്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 55 റണ്‍സുണ്ടായിരുന്നു.

വിക്കറ്റ് വീണപ്പോഴും ഫിലിപ്പ് സാള്‍ട്ട് ആക്രമണ ബാറ്റിംഗ് അഴിച്ചുവിട്ടപ്പോള്‍ ഇംഗ്ലണ്ട് 7 ഓവറില്‍ 100 കടന്നു. 15ാം ഓവറില്‍ ഇംഗ്ലണ്ട് വിജയം കണ്ടെത്തുമ്പോള്‍ ഫില്‍ സാള്‍ട്ട് 41 പന്തില്‍ 13 ഫോറും 3 സിക്സും സഹിതം 87 റണ്‍സ് നേടി. മലാന്‍ (18 പന്തില്‍ 26) ഡക്കറ്റ് (16 പന്തില്‍ 26) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 59 പന്തില്‍ 87 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്താകാതെ നിന്നപ്പോള്‍ 31 റണ്‍സെടുത്ത ഇഫ്തീഖര്‍ അഹമ്മദ് മാത്രമാണ് പിന്തുണ നല്‍കിയത്. ഇംഗ്ലണ്ടിനായി സാം കറനും ഡേവിഡ് വില്ലിയും രണ്ട് വിക്കറ്റ് വീതമെടുത്തു.