ഞാൻ ഇനിയും വിരമിച്ചിട്ടില്ല : പാക് ക്രിക്കറ്റിൽ നടക്കുന്നത് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള സെലക്ഷൻ അല്ല – രൂക്ഷ വിമർശനവുമായി മാലിക്

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏതാനും ചില താരങ്ങളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കം വീണ്ടും തുടരുകയാണ് .പാകിസ്ഥാൻ ദേശിയ ടീമിലെ സെലക്ഷൻ രീതിയെ രൂക്ഷമായി വിമർശിച്ച് സീനിയർ താരം ഷൊയ്ബ് മാലിക് രംഗത്തെത്തിയതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണം .പാക് ക്രിക്കറ്റിൽ ഇപ്പോൾ പൂർണ്ണമായി നടക്കുന്നത് ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ മാത്രമാണ് എന്നാണ് മാലിക് ആരോപിക്കുന്നത് .

നേരത്തെ സിംബാബ്‌വെ പര്യടനത്തിന് മുൻപായി പാക് നായകൻ ബാബര്‍ അസം ആവശ്യപ്പെട്ട ചില  താരങ്ങളെ സ്‌ക്വാഡിൽ  ഉള്‍പ്പെടുത്താന്‍ പാക് ടീം  സെലക്റ്റര്‍മാര്‍ വിമുഖത കാണിച്ചിരുന്നു .
ഇതേ കുറിച്ചാണിപ്പോൾ മാലിക് തന്റെ വിമർശനം കടുപ്പിക്കുന്നത് .ഒരു പാക് മാധ്യമത്തിന് നല്‍കിയ പ്രത്യേക  അഭിമുഖത്തില്‍ മാലിക് പറയുന്നത് ഇപ്രകാരമാണ് “പാക് ടീമിൽ ഇപ്പോൾ നടക്കുന്നത് സ്വജനപക്ഷപാതമാണ് .
ടീമിൽ കളിക്കാരെ തിരഞ്ഞെടുക്കുന്നത് പ്രകടനം മാനദണ്ഡമാക്കിയല്ല അവിടെ ആരൊക്കെയോ അവരുടെ ഇഷ്ട കളിക്കാരെ പാക് സ്‌ക്വാഡിൽ കുത്തി നിറക്കുന്നു .ഇക്കഴിഞ്ഞ പര്യടനത്തിന് മുൻപായി  ക്യാപ്റ്റന്‍  ബാബർ അസം ചില താരങ്ങളെ ടീമില്‍ ഉറപ്പായും  ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു . പക്ഷേ അവരെയെല്ലാം പാക് സെലക്ഷൻ പാനൽ  തഴഞ്ഞു. അദ്ദേഹം ടീമിന്റെ ക്യാപ്റ്റനാണ്.  അത് ആരും ഒരിക്കലും മറക്കരുത് ” മാലിക് നയം വിശദമാക്കി

പാക് നായകൻ ബാബർ അസമിന്റെ വാക്കുകൾക്ക് വിപരീതമായി ചില താരങ്ങളെ ഒഴിവാക്കിയത്  ഏറെ വിവാദം ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ചിരുന്നു. ഇതേ കുറിച്ച് മാലിക്കിന്റെ പ്രതികരണം കടുത്ത ഭാഷയിലായിരുന്നു ” പാക് ടീമിനായി കളിക്കാനിറങ്ങുന്നത് സെലക്റ്റര്‍മാരല്ല. നായകൻ ബാബറും അയാള്‍ക്ക് കീഴില്‍ വിശ്വസ്തയോടെ  കളിക്കുന്ന പ്ലെയിങ്  ഇലവനിലെ  താരങ്ങളുമാണ്.ഇപ്പോൾ
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ താരങ്ങളെ ടീമിൽ എത്തിക്കുന്നത്  പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല. ബന്ധങ്ങളാണ് ടീമിലേക്കുള്ള സെലക്ഷന്റെ മാനദണ്ഡം. ഇങ്ങനെയൊരു സിസ്റ്റം ഒരിക്കലും ഉണ്ടാക്കുവാൻ പാടില്ല .ഇതെല്ലാം മാറണം   എങ്കിലേ പാക് ക്രിക്കറ്റിന് വളർച്ച  ഉണ്ടാകൂ ” മാലിക് തന്റെ അഭിപ്രായം വ്യക്തമാക്കി .