കോഹ്ലി : വില്യംസൺ ആരാണ് മികച്ചത് : എല്ലാവർക്കും ഉത്തരം അറിയാം -മൈക്കൽ വോണിനെതിരെ മുൻ പാക് താരം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച  ബാറ്സ്മാന്മാരാണ്  ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കിവീസ് ക്യാപ്റ്റൻ  കെയ്ൻ വില്യംസണും .തങ്ങളുടെ സ്ഥിരതയാർന്ന ബാറ്റിംഗ് മികവിനാൽ ഇരുവരും ടീമിലെ വിശ്വസ്ത താരങ്ങൾ കൂടിയാണ് .ഇവരിൽ ആരാണ് മികച്ച താരമെന്ന ചർച്ച കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്ത് ഏറെ സജീവമാണ് .കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ ഇതേ കുറിച്ച് നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്ഠിച്ചിരുന്നു .വില്യംസണ്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ അയാള്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനായി ഏവരാലും ഉറപ്പായും വിശേഷിപ്പിക്കപ്പെട്ടേനെ എന്നാണ് വോൺ പറഞ്ഞത് .

എന്നാൽ മൈക്കൽ വോണിന്റെ പരാമർശം വളരെയേറെ അനുചിതവും ഒപ്പം താരങ്ങളെ അപമാനിക്കുന്നതിന് തുല്യവും എന്നാണ് പാക് ക്രിക്കറ്റ് ടീം മുൻ ഓപ്പണർ സൽമാൻ ബട്ട് പറയുന്നത് ബട്ടിന്റെ വാക്കുകൾ ഇപ്രകാരമാണ്   “എന്തുകൊണ്ടാണ് വോൺ ഇപ്രകാരം പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. സ്വന്തം ടീമിനായി  അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട്  കോലിയുടെ പ്രകടനം മികച്ചതായതുകൊണ്ടാണ് താരത്തെ കൂടുതൽ ആരാധകർ എപ്പോഴും ഇഷ്ടപെടുവാൻ  കാരണം. ഇപ്പോൾ  യഥാർത്ഥത്തിൽ വോൺ മനപൂർവ്വം ശ്രമിക്കുന്നത് വിരാട് കോഹ്ലിയെ അപമാനിക്കുവാൻ മാത്രമാണ് . വില്യംസന്റെ പേരും പറഞ്ഞ് കൊഹ്‌ലിക്കെതിരെ ആരോപണം വെറുതെ ഉന്നയിക്കുകയാണ് വോൺ ” മുൻ പാക് ഓപ്പണർ തന്റെ  വിമർശനം കടുപ്പിച്ചു .

വോണിന് ഏകദിനത്തില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ലെന്നുള്ള കാര്യം പരിഹാസരൂപേണ പറഞ്ഞ ബട്ട് ഏറെ വാചാലനായി “അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം   തന്നെ 70 സെഞ്ചുറികളുള്ളയാളാണ്  കോഹ്ലി എന്നത്  വോണ്‍ ഓര്‍ക്കണം. ഇനി റിക്കി പോണ്ടിംഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമാണ്  സെഞ്ച്വറി പട്ടികയിൽ വിരാട്  കോലിക്ക് മുന്നിലുള്ളത്. ഒരുപാട് കാലം ബാറ്റിംഗ് റാങ്കിംഗില്‍ കോലി ആധിപത്യം സ്ഥാപിച്ചിരുന്നു എന്നത് കൂടി നമ്മൾ എല്ലാവരും ഓർക്കുമ്പോൾ വോണിന്റെ വാക്കുകൾ വെറും അനാവശ്യ താരതമ്യം മാത്രമാണ് നടത്തിയത് വ്യക്തം “ബട്ട് തന്റെ അഭിപ്രായം  വിശദമാക്കി .

അതേസമയം ജൂൺ 18 മുതൽ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം  ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ആരംഭിക്കുവാനിരിക്കെ ഇന്ത്യൻ നായകനെതിരായ മൈക്കൽ വോണിന്റെ വിമർശനത്തിനെതിരെ  ഇപ്പോൾ കടുത്ത ഭാഷയിലാണ് കോഹ്ലി ആരാധകർ എല്ലാം  സോഷ്യൽ മീഡിയയിലും കൂടാതെ  ക്രിക്കറ്റ് ചർച്ചകളിലും  പ്രതികരിക്കുന്നത് .