❛മാസ്റ്റര്‍ സ്ട്രോക്കല്ലാ, ഇത് വെറും ഷോ കാണിക്കല്‍❜. ട്വീറ്റുമായി ജഡേജ

ആഷസ്സിലെ നാലാം ടെസ്റ്റിലെ അവസാന ദിനത്തില്‍ അവസാന വിക്കറ്റ് വീഴ്ത്താന്‍ പാറ്റ് കമ്മിന്‍സ് ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ അരികില്‍ ഫീല്‍ഡേഴ്സിനെ വിന്യസിച്ചിരുന്നു. വെളിച്ചക്കുറവ് മൂലം ഫാസ്റ്റ് ബൗളേഴ്സിന് പന്തെറിയാൻ കഴിയാതെ വന്നതോടെ സ്റ്റീവൻ സ്മിത്താണ് ഓസീസിനായി അവസാന ഓവർ എറിഞ്ഞത്. സ്മിത്തിനെ ശക്തമായി പ്രതിരോധിച്ച ജെയിംസ് ആൻഡേഴ്സൺ മത്സരം സമനിലയിലാക്കി.

മത്സരത്തിന് പുറകെ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം എസ് ധോണിയെ ട്രോളിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സിഡ്നി ടെസ്റ്റിലെ അവസാന ഓവറുകളിലെ ഫീല്‍ഡര്‍മാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ധോണിയെ ട്രോളിയത്.

” ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ക്ലാസിക് മുന്നേറ്റം യഥാര്‍ത്ഥത്തില്‍ ഒരു ടി20 മാസ്റ്റര്‍ സ്ട്രോക്കിനെ ഓര്‍മിപ്പിച്ച നിമിഷം ” എന്ന കുറിപ്പോടെയാണ് ഐപിഎല്‍ ടീം ചിത്രം പങ്കുവച്ചത്. റൈസിങ്ങ് പൂനെ സൂപ്പര്‍ ജയന്‍റിസിനെതിരെയുള്ള മത്സരത്തിലാണ് ധോണിക്കെതിരെ ടെസ്റ്റിനു സമാനമായ ഫീല്‍ഡിങ്ങ് വിന്യാസം ഗൗതം ഗംഭീര്‍ ചെയ്തത്. ആ മത്സരത്തില്‍ 22 പന്തില്‍ 8 റണ്‍സ് നേടാന്‍ മാത്രമേ ധോണിയ്ക്ക് സാധിച്ചുള്ളൂ

ചിത്രത്തിനു പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സഹതാരം ജഡേജ എത്തി. മാസ്റ്റര്‍ സ്ട്രോക്കല്ലാ വെറും ഷോ കാണിക്കല്‍ ആണ് ഇത് എന്നാണ് ജഡേജ കുറിച്ചത്.

Ravindra Jadeja and MS Dhoni

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടം ഉയര്‍ത്തിയത്. വരുന്ന സീസണിനു മുന്നോടിയായി ജഡേജ, ധോണി, മൊയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് നിലനിര്‍ത്തിയത്.