ഞങ്ങൾക്ക് ആ അഭിപ്രായം ഒരു പ്രശ്നമല്ല :തുറന്ന് പറഞ്ഞ് സൂര്യകുമാർ യാദവ്

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനം. ലങ്കക്ക് എതിരായ ഏകദിന, ti :20 പരമ്പരകൾ ആരംഭിക്കുവാൻ വെറും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇന്ത്യൻ ടീമിപ്പോൾ പൂർണ്ണമായി അതിന്റെ ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തിൽ താരങ്ങൾ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. ശിഖർ ധവാൻ ആദ്യമായി നായകനായി എത്തുന്ന ടീമിലെ വൈസ് ക്യാപ്റ്റൻ റോൾ കൈകാര്യം ചെയ്യുക ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ്. മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിനെ ശ്രീലങ്കയിൽ പരിശീലിപ്പിക്കുക.ആദ്യമായി ദ്രാവിഡ്‌ ഇന്ത്യൻ ടീമിന്റെ കോച്ചായി എത്തുമ്പോൾ പ്രതീക്ഷകളും വളരെ വലുതാണ്.

എന്നാൽ ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ടീമിനെ രണ്ടാം നിര ടീമായി മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗ ഒരു ആഭിമുഖത്തിൽ വിശേഷിപ്പിച്ചത് വൻ വാർത്തയായി മാറിയിരുന്നു. ഇന്ത്യൻ രണ്ടാം നിര ടീമുമായി ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ പരമ്പരകൾ തീരുമാനിച്ചത് തെറ്റായി എന്നും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.ഇക്കാര്യത്തിൽ ആദ്യമായി തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്ത് എത്തുകയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. നിലവിലെ ഇന്ത്യൻ ടീമിൽ ആരും ആ ഒരു വിവാദ പ്രസ്താവനയെ കുറിച്ച് ചിന്തിക്കില്ല എന്നാണ് താരം വിശദീകരിച്ചത്.

“ഞങ്ങൾ എല്ലാവരും ഇപ്പോൾ പരമ്പര ജയിക്കുകയെന്ന ഒരൊറ്റ ചിന്തയിൽ മാത്രമാണ്. ടീമിൽ ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല കൂടാതെ എല്ലാവരും ഏറെ താല്പര്യം കാണിക്കുന്നത് പരിശീലനത്തിൽ കൂടിയാണ്.പരമ്പര പൂർണ്ണമായി ജയിച്ച് മുന്നേറുകയെന്നതാണ് ടീമിന്റെ മൊത്തം ചിന്താഗതി “സൂര്യകുമാർ അഭിപ്രായം വിശദമാക്കി. കോഹ്ലി അടക്കം സീനിയർ താരങ്ങൾ എല്ലാം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാലാണ് യുവ താരങ്ങൾക്കും പുതുമുഖ താരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള ടീമിനെ ലങ്കക്ക് എതിരെ അയക്കുവാൻ ബിസിസിഐ തീരുമാനിച്ചത്.