“കരുൺ നായരെ ഇന്ത്യ കളിപ്പിക്കേണ്ട”, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ച് മുൻ താരം.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിലവിൽ ഇന്ത്യയുടെ പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കരുൺ നായരെ ഒഴിവാക്കിയാണ് ആകാശ് തന്റെ ഇലവൻ പ്രഖ്യാപിച്ചത്.

ജൂൺ 20നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്.

“ശുഭമാൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റനാണ്. ടീമിന്റെ ഓപ്പണർമാരായി എത്തേണ്ടത് ജയസ്വാളും കെഎൽ രാഹുലുമാണ്. സായി സുദർശൻ മൂന്നാം നമ്പറിൽ കളിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. നാലാം നമ്പറിൽ ഗിൽ ആവണം മൈതാനത്ത് എത്തേണ്ടത്. ശേഷം റിഷഭ് പന്ത് ബാറ്റിങ്ങിനായി എത്തണം. നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യക്കായി ആറാം നമ്പരിൽ കളിക്കേണ്ടത്. അവന് ആ നമ്പറിൽ ബാറ്റ് ചെയ്യാനും,, കുറച്ചു ഓവറുകൾ ഇന്ത്യക്കായി എറിയാനും സാധിക്കും. എന്നാൽ ബാറ്റർ എന്ന രീതിയിലാവണം അവനെ മത്സരത്തിൽ ഉൾപ്പെടുത്തേണ്ടത്.”- ആകാശ് ചോപ്ര പറയുകയുണ്ടായി.

“ഇതിനു ശേഷം രവീന്ദ്ര ജഡേജയാണ് ഞാൻ തിരഞ്ഞെടുക്കുന്ന ഓൾറൗണ്ടർ. ഷർദുൽ താക്കൂറും എന്റെ ഒരു താരം തന്നെയാണ്. എന്നാൽ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഒരു ബോളറെന്ന നിലയിൽ തന്നെ ശർദുൽ താക്കൂറിനെ പരിഗണിക്കാവുന്നതാണ്. ബാറ്റിങ് ചെയ്യാൻ സാധിക്കുന്ന ഒരു ബോളറെയാണ് അവനിലൂടെ നമുക്ക് ലഭിക്കുന്നത്. ഒരു ഫുൾ ബോളിംഗ് ഓപ്ഷനായാണ് ഞാൻ അവനെ കാണുന്നത്. ശേഷം ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ എന്നിവരും ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിക്കണം.”- ആകാശ് ചോപ്ര പറയുന്നു.

“കരുൺ നായരെ ഇന്ത്യൻ ടീമിൽ കളിപ്പിക്കണമെന്ന മനോഭാവം ഉണ്ടാവാൻ സാധ്യത ഏറെയാണ്. എന്നാൽ ഇത്തരമൊരു കാര്യം ചിന്തിക്കുമ്പോൾ ഏതൊക്കെ താരങ്ങൾ ഏതൊക്കെ പൊസിഷനിലാണ് കളിക്കുന്നത് എന്ന് നമ്മൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ശുഭമാൻ ഗിൽ 3ആം നമ്പറിൽ തന്നെ ബാറ്റിംഗ് ഇറങ്ങാൻ തീരുമാനിച്ചാൽ നമുക്ക് കരുൺ നായരെ നാലാം നമ്പറിൽ ഇറക്കാൻ സാധിക്കും.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.