ഇതിഹാസ താരം ഇന്ത്യയെ ഇങ്ങനെ പരിഹസിക്കുമെന്ന് ആരും കരുതിയില്ല :രൂക്ഷ വിമർശനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വീണ്ടും ചർച്ചയായി ഇന്ത്യൻ സ്‌ക്വാഡിനെ രണ്ടാം നിര ടീമെന്ന് വിളിച്ച മുൻ ലങ്കൻ നായകൻ അർജുന രണതുംഗയുടെ വാക്കുകൾ. താരത്തിന്റെ പരാമർശം ക്രിക്കറ്റ്‌ ആരാധകരിലും ഒപ്പം മുൻ ഇന്ത്യൻ താരങ്ങളിൽ വരെ വിവാദമായി മാറിയിരുന്നു എങ്കിലും താരത്തിനെതിരെ പരമ്പരക്ക് ശേഷം പ്രതികരിക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനം. മുൻ ലങ്കൻ നായകന്റെ വിമർശനത്തിന് ലങ്കൻ ക്രിക്കറ്റ്‌ ബോർഡും മുൻ ഇന്ത്യൻ താരങ്ങളായ ആകാശ് ചോപ്ര, ലക്ഷ്മൺ, ലങ്കൻ മുൻ താരം അരവിന്ദ ഡിസിൽവ എന്നിവർ രൂക്ഷ മറുപടി നൽകിയിരുന്നു.

എന്നാൽ മുൻ ഇന്ത്യൻ താരം വെങ്കടപതി രാജു ലങ്കൻ മുൻ നായകനെ രൂക്ഷമായി പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. രണതുംഗയെ പോലെ ലങ്കൻ ടീമിനെ ഏറെ നേട്ടങ്ങളിലേക്ക് നയിച്ച ഇതിഹാസ താരത്തിൽ നിന്നും ഇത്തരം ഒരു മോശം അഭിപ്രായം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വിശദമാക്കിയ വെങ്കടപതി രാജു ഇന്ത്യൻ യുവ നിര ഏറ്റവും ശക്തരാണ് എന്നും അഭിപ്രായപെട്ടു. ലങ്കയിലേക്ക് പരമ്പരക്കായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ രണ്ടാം നിരയെയാണ് അയച്ചിരിക്കുന്നത് എന്ന് ദിവസങ്ങൾ മുൻപാണ് അർജുൻ രണതുംഗ അഭിപ്രായപെട്ടത്. വെറുതേ ടെലിവിഷൻ റേറ്റിങ് മാത്രം ലക്ഷ്യമാക്കി ഈ പരമ്പരകൾ കളിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുമെന്നാണ് മുൻ താരം വിമർശനം ഉന്നയിച്ചത്.

“ഒരിക്കലും അദ്ദേഹത്തെ പോലെയൊരു ഇതിഹാസ താരത്തിൽ നിന്നും നമ്മൾ ഈ വാക്കുകൾ പ്രതീക്ഷിച്ചില്ല.ഈ സ്‌ക്വാഡിൽ ഇടം നേടിയ എല്ലാവരും കഴിവുള്ള മുഖ്യ താരങ്ങളാണ്. രണ്ടാം നിര ടീമെന്ന് ഇവരെ വിശേഷിപ്പിച്ചത് തന്നെ തെറ്റാണ്. എന്റെ അഭിപ്രായത്തിൽ ഈ ഏകദിന, ടി :20 പരമ്പരയിൽ അദ്ദേഹമാണ് സന്തോഷം കാണിക്കേണ്ട വ്യക്തി. വൻ തകർച്ചയെ നേരിടുന്ന ലങ്കൻ ടീമിനുള്ള ഒരു ഊർജം ഈ പരമ്പര നൽകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം “താരം അഭിപ്രായം വിശദമാക്കി

അതേസമയം മുൻ ഇന്ത്യൻ നായകനും ഒപ്പം നിലവിലെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ നയിക്കുന്നത് ഓപ്പണർ ശിഖർ ധവാനാണ്. മലയാളി താരം സഞ്ജു സാംസൺ അടക്കം യുവ താരങ്ങൾ സ്‌ക്വാഡിലുണ്ട്.