അവരെയാണ് ഞങ്ങൾക്ക് പേടി :തുറന്നുപറഞ്ഞ് കിവീസ് താരം

ക്രിക്കറ്റ്‌ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഒരുക്കങ്ങൾ വളരെയേറെ സജ്ജമായി കഴിഞ്ഞു. ഇംഗ്ലണ്ടിൽ ജൂൺ 18 ആരംഭിക്കുന്ന ഫൈനൽ കാണുവാൻ കാണിക്കളെ അനുവദിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഒപ്പം ഇരു ടീമുകളും ജൂൺ ആദ്യവാരം തന്നെ ഇംഗ്ലണ്ടിലെത്തി പരിശീലനം തുടങ്ങും. ഇരു ടീമുകളും പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കരസ്ഥമാക്കുവാനുള്ള ഊർജിത ശ്രമം ആരംഭിച്ചു കഴിഞ്ഞു.

അതേസമയം ഇന്ത്യൻ ബൗളിംഗ് നിര ഫൈനലിൽ എപ്രകാരം പ്രകടനം കാഴ്ചവെക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ.ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് പട പരസ്പരം രണ്ട് ടീമുകളിലായി ഏറ്റുമുട്ടുമ്പോൾ ഏത് ടീമിനാകും വിജയമെന്നതും ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ചയാണ്.ബുറ നയിക്കുന്ന ഇന്ത്യൻ പേസ് ആക്രമണവും ഒപ്പം അശ്വിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്പിൻ ബൗളിംഗ് ആക്രമണവും കിവീസ് ടീമിന് ഏറെ വെല്ലുവിളിയെന്നാണ് ക്രിക്കറ്റ്‌ ആരാധകരുടെയും പൊതുവായ വിലയിരുത്തൽ.ഇന്ത്യൻ പേസ് ബൗളിംഗ് നിരയെക്കാൾ സ്പിൻ ജോഡികളായ അശ്വിനും ജഡേജയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭീഷണിയെന്ന് തുറന്ന് സമ്മതിക്കുകയാണ് ന്യൂസിലാൻഡ് താരം ഹെൻട്രി നിക്കോൾസ്.

“ഫൈനലിന് വേദിയാകുന്ന പിച്ച് പേസ് ബൗളിങ്ങനൊപ്പം സ്പിന്നർമാർക്കും പിന്തുണ നൽകുമെന്നതിൽ ആർക്കും തർക്കമില്ല.ലോകത്തെ ഏതൊരു പിച്ചിൽ പോലും തങ്ങളുടെ ബൗളിംഗ് ക്ലാസ്സ്‌ എന്നും പുറത്തെടുക്കുന്ന താരങ്ങളാണ്‌ അശ്വിനും ജാഡജയും. അവർ ഇരുവരും ഞങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ടീം സ്പിൻ ബൗളിങ്ങിനെ നേരിടുവാനുള്ള പ്രത്യേക പരിശീലനം ആരംഭിച്ചിട്ടുണ്ട്.ഇരു ടീമിലെയും പേസ് സഖ്യം തുല്യ ശക്തികളെ പോലെയാണ്. ഉറപ്പായും മികച്ചൊരു കളി തന്നെ നമുക്ക് കാണാം “കിവീസ് താരം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഫൈനലിനും ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ സ്‌ക്വാഡിൽ നാല് സ്പിൻ ബൗളർമാരാണ് ഇടം പിടിച്ചത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരാണ് ഇന്ത്യൻ സ്പിൻ സംഘത്തിലെ ബൗളർമാർ. ഇന്ത്യൻ ടീം ഇപ്പോൾ മുംബൈയിൽ ക്വാറന്റൈനിൽ തുടരുകയാണ്.