ഇംഗ്ലണ്ടിന് തിരിച്ചുവരാം പക്ഷേ പ്രശ്നം ഇതാണ് :മുന്നറിയിപ്പ് നൽകി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോർഡ്‌സിലെ നിർണായക ജയമാണ് ഇപ്പോയും മിക്ക ക്രിക്കറ്റ്‌ പ്രേമികളിലും വളരെ അധികം ചർച്ചാവിഷയമായി മാറുന്നത്. വളരെ ത്രില്ല് നിറഞ്ഞ ലോർഡ്‌സ് ടെസ്റ്റിൽ അഞ്ചാം ദിനം 151 റൺസിന്റെ ചരിത്ര ജയമാണ് കോഹ്ലിയും സംഘവും നേടിയത് ലോർഡ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം നേടുന്ന മൂന്നാമത്തെ മാത്രം ടെസ്റ്റ്‌ ജയം എന്നതും ഒരു സവിശേഷതയാണ്.5 ടെസ്റ്റ്‌ മത്സരങ്ങൾ ഉൾപ്പെടുന്ന ഈ പരമ്പര ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗവുമാണ്. അതിനാൽ തന്നെ ടെസ്റ്റ്‌ പരമ്പര ജയിക്കാൻ ഇരു ടീമുകളും ഏറെ ആഗ്രഹിക്കുന്നുണ്ട് എന്നും വ്യക്തം. രണ്ടാം ടെസ്റ്റിലെ തോൽവിയോടെ ഏറെ വിമർശനമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമും നായകൻ ജോ റൂട്ടും പക്ഷേ ഇപ്പോൾ നേരിടുന്നത്. റൂട്ടിന്റെ മോശം ക്യാപ്റ്റൻസി മത്സരത്തിൽ തോൽവിക്ക് കാരണമായി എന്നാണ് പല മുൻ താരങ്ങളും തുറന്ന് പറയുന്നത്.

എന്നാൽ പ്രധാനമായ ഈ പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും ഇന്ത്യയെ തോൽപ്പിക്കുക വളരെ ശ്രമകരമാണ് എന്ന് തുറന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് താരം നാസിർ ഹുസൈൻ. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ഫോർമാറ്റിലെ ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുന്ന ഈ പരമ്പരയിലെ ബാക്കി എല്ലാ മത്സരങ്ങളും ആവേശകരമാവും എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ഇന്ത്യൻ ടീമിന് ഈ ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കുവാനുള്ള എല്ലാ മുൻതൂക്കവുമുണ്ടെന്ന് പറഞ്ഞ നാസിർ ഹുസൈൻ ഇംഗ്ലണ്ട് ടീമിന്റെ ഏതാനും ചില വീക്നെസ്സുകളും വിശദമാക്കി.

“പരിക്ക് കാരണം ജോഫ്ര ആർച്ചർ,ബെൻ സ്റ്റോക്സ്,ക്രിസ് വോക്സ്, സ്റ്റുർട്ട് ബ്രോഡ് എന്നിവർ കളിക്കുന്നില്ല എന്നതാണ് സത്യം ബൗളിംഗ് നിരയിൽ അതിന്റെ ചില പ്രശ്നം അനുഭവപെടുന്നുണ്ട്.ബാറ്റിങ്ങിൽ പക്ഷേ താളം കണ്ടെത്തുവാൻ പ്രധാനപെട്ട പല താരങ്ങൾക്കും കഴിയുന്നില്ല. ഇനിയും ഈ പരമ്പരയിൽ തിരികെ വരുവാൻ ഇംഗ്ലണ്ട് ടീമിന് സാധിക്കും പക്ഷേ അത് അത്ര എളുപ്പമല്ല. രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇംഗ്ലണ്ട് ടീം മത്സരം ജയിക്കും എന്ന അവസ്ഥയിലായിരുന്നു. ഇനിയും ടെസ്റ്റ്‌ പരമ്പരയിൽ ജയത്തോടെ ഒപ്പമെത്താൻ ഇംഗ്ലണ്ടിന് കഴിയും “മുൻ താരം തന്റെ നിരീക്ഷണം വ്യക്തമാക്കി.