ഗുജറാത്തിനെതിരായ അവസാന മത്സരത്തിൽ 83 റൺസിന്റെ കിടിലൻ വിജയം സ്വന്തമാക്കിയാണ് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ സീസണിൽ ഒരുപാട് നെഗറ്റീവുകൾ കാണാൻ സാധിച്ച ടീമാണ് ചെന്നൈ. കൃത്യമായ രീതിയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് പുലർത്താൻ ചെന്നൈയ്ക്ക് സാധിച്ചില്ല.
അതുകൊണ്ടു തന്നെ പത്താം സ്ഥാനക്കാരായാണ് ചെന്നൈ ഈ സീസണിൽ ഫിനിഷ് ചെയ്തിരിക്കുന്നത്. ഇതിനുശേഷം ചെന്നൈയുടെ നിലവിലെ നായകനായ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്നതിനെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതിനുള്ള മറുപടി പറഞ്ഞ് രംഗത്തെത്തിരിക്കുകയാണ് ധോണി.
തനിക്ക് മുൻപിൽ ഒരുപാട് സമയം ബാക്കിയുള്ളതിനാൽ ആലോചിച്ചു മാത്രമേ ഒരു തീരുമാനം കൈക്കൊള്ളൂ എന്നാണ് മഹേന്ദ്രസിംഗ് ധോണി പ്രസന്റേഷൻ സമയത്ത് പറഞ്ഞിരിക്കുന്നത്. “ഞങ്ങളെ സംബന്ധിച്ച് ഇതൊരു മികച്ച സീസൺ ആയിരുന്നില്ല. എന്നിരുന്നാലും ഇന്നത്തെ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചു. സീസണിൽ പല സമയത്തും ക്യാച്ചുകൾ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഇന്ന് ഇതൊക്കെയും നന്നായി മുന്നോട്ടുപോയി. വിരമിക്കലിനെ സംബന്ധിച്ച്, എനിക്ക് മുമ്പിൽ കുറച്ചധികം സമയമുണ്ട് എന്നാണ് ഞാൻ കരുതുന്നത്.”- ധോണി പറഞ്ഞു.
“അക്കാര്യം നിശ്ചയിക്കാൻ എനിക്ക് മുൻപിൽ 4-5 മാസങ്ങൾ കൂടിയുണ്ട്. അക്കാര്യത്തിൽ എനിക്ക് ധൃതി കാട്ടേണ്ട ആവശ്യമില്ല. ശരീരം കൂടുതൽ ഫിറ്റായി മുമ്പോട്ടു കൊണ്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ നന്നായി തന്നെ കാര്യങ്ങൾ മുൻപോട്ടു പോകും. ഓരോ ക്രിക്കറ്റർമാരും തങ്ങളുടെ മൈതാനത്തെ പ്രകടനങ്ങളുടെ പേരിൽ വിരമിക്കൽ പ്രഖ്യാപിക്കാൻ തയ്യാറായിരുന്നെങ്കിൽ, ഇപ്പോൾ നമ്മൾ കാണുന്ന പല ക്രിക്കറ്റർമാരും 22 വയസ്സിനുള്ളിൽ തന്നെ വിരമിച്ചേനെ.”- ധോണി കൂട്ടിച്ചേർക്കുന്നു.
“ഇപ്പോൾ ഞാൻ റാഞ്ചിയിലേക്ക് തിരിച്ചു പോവുകയാണ്. എന്റെ ബൈക്ക് റൈഡുകൾ ആസ്വദിക്കും. ഇപ്പോൾ ക്രിക്കറ്റ് അവസാനിപ്പിച്ചു എന്ന് ഞാൻ പറയുന്നില്ല. തിരികെ ഇങ്ങോട്ട് വരുമെന്നും ഞാൻ പറയുന്നില്ല. ഇനിയും എനിക്ക് മുൻപിൽ ഒരുപാട് സമയമുണ്ട്. ഇതേ സംബന്ധിച്ച് ഞാൻ ആലോചിക്കുകയും പിന്നീട് തീരുമാനം അറിയിക്കുകയും ചെയ്യും. ഋതുരാജിനെ സംബന്ധിച്ച്, അടുത്ത സീസണിൽ കൂടുതൽ കാര്യങ്ങൾ ഓർത്തു നിരാശപ്പെടേണ്ടതില്ല. മികച്ച ഒരു ടീമിനെ തന്നെയാണ് ലഭിച്ചിരിക്കുന്നത്.”- ധോണി പറഞ്ഞുവെക്കുന്നു.



