സിഡ്നി ഗ്രൗണ്ടിലെ സിറാജിന്റെ പ്രതികരണം ഏറെ മാതൃകാപരം : വാനോളം പുകഴ്ത്തി നഥാൻ ലിയോൺ

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നടന്നത് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് .മത്സരം സമനിലയിൽ കലാശിച്ചെങ്കിലും  സിഡ്നി ടെസ്റ്റിനിടയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ കാണികളുടെ ഭാഗത്ത്‌ നിന്നുണ്ടായ  അധിക്ഷേപം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു .

എന്നാൽ കാണികളിൽ നിന്നും വംശീയ അധിക്ഷേപമുണ്ടായതിനോട് ഇന്ത്യൻ താരം കാണിച്ച മാതൃകാപരമായ സമീപനത്തിനെ പ്രശംസിച്ച്  രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് താരം നഥാൻ ലയൺ. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിനിടെയാണ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജിന് നേരെ താരം കേൾക്കെ അസഭ്യ വർഷമുണ്ടായത്. തിരികെ പ്രതികരിക്കാതെ അംബയറോട് കാര്യം വിശദീകരിക്കുകയാണ് ഇന്ത്യൻ പേസറായ  സിറാജ് ചെയ്തത്.

ക്രിക്കറ്റ് ഉൾപ്പടെ ഏതൊരു കായിക ഇനത്തിലായാലും വംശീയ അധിക്ഷേപങ്ങൾ  ഒരിക്കലും  അനുവദിക്കാനാകാത്തതാണ്. കാണികൾ എല്ലാ ഒരു രസമായിട്ടാണ് കാണുന്നത്. എന്നാൽ പലരേയും അത്  ബാധിക്കുന്നത് പലതരത്തിലായിരിക്കും. ക്രിക്കറ്റ് എല്ലാവർക്കും വേണ്ടിയാണെന്ന് മറക്കരുതെന്നും   ഓസീസ് സ്പിന്നർ ലയൺ ഓർമ്മിപ്പിച്ചു.

അതേസമയം സിഡ്നി  ടെസ്റ്റിനിടയിൽ കാണികളിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതിനെ തുടർന്ന് ഇന്ത്യൻ ടീം  മാനേജ്‌മന്റ്  മാച്ച് റഫറിക്ക്  പരാതി അറിയിച്ചിരുന്നു .ശേഷം നാലാം ദിനവും   ഓസീസ് രണ്ടാം ഇന്നിംഗ്സ് ബാറ്റിങിനിടയിൽ കാണികളിൽ  നിന്ന് അധിക്ഷേപം നേരിട്ടതിനെ തുടർന്ന് കളി അൽപ്പം നേരം നിർത്തി വെക്കേണ്ടി വന്നിരുന്നു .സുരക്ഷസേന എത്തി ഗ്രൗണ്ടിൽ നിന്ന്  6 കാണികളെ പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത് .

സംഭവത്തെ കുറിച്ച് ഐസിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് .കൂടാതെ ഓസീസ് ക്രിക്കറ്റ് ബോർഡും ടീം മാനേജ്മെന്റും കാണികളുടെ ഭാഗത്ത്‌ നിന്നുണ്ടായ വലിയ തെറ്റിന് ഇന്ത്യൻ ടീമിനോട് ക്ഷമ ചോദിച്ചു .