വീണ്ടും ബാറ്റിങ്ങിൽ തിളങ്ങി മിതാലി രാജ് : ഇത്തവണ ഏകദിന ചരിത്രത്തിലെ അപൂർവ്വ റെക്കോർഡും സ്വന്തമാക്കി താരം

ഏകദിന ക്രിക്കറ്റില്‍ മറ്റൊരു അത്യപൂർവ  റെക്കോര്‍ഡ് കൂടി  സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിത ക്രിക്കറ്റില്‍ 7000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി മിതാലി. ദക്ഷിണാഫ്രിക്ക എതിരായ   നാലാം ഏകദിനത്തിനിടെയാണ് മിതാലി  ഈ നേട്ടം സ്വന്തമാക്കിയത് .മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി 266 റൺസ് നേടിയിട്ടുണ്ട് .

നേരത്തെ മത്സരം തുടങ്ങുമ്പോള്‍ 6,974 റണ്‍സായിരുന്നു മിതാലി രാജിന്റെ  അക്കൗണ്ടിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്യവേ  ഇന്ത്യക്കായി 26 റണ്‍സ് ചേര്‍ത്ത  മിതാലി നാഴികക്കല്ല് അനായാസം തന്നെ  പൂര്‍ത്തിയാക്കി. കരിയറിലെ 213-ാം ഏകദിനത്തിലാണ് താരം  ഏഴായിരം ക്ലബിലിടം പിടിച്ചത്. ഏകദിന റണ്‍വേട്ടയില്‍ മിതാലിക്ക് പിന്നില്‍ രണ്ടാമത് നില്‍ക്കുന്ന ഇംഗ്ലണ്ടിന്‍റെ ഷാര്‍ലറ്റ് എഡ്വേർഡ്‌സിന് 5992 റണ്‍സേയുള്ളൂ.  7000 ഏകദിന റൺസ് ക്ലബ്ബിൽ ഇടം കണ്ടെത്തുന്ന ആദ്യ വനിതാ താരമാണ് മിതാലി രാജ് .

മത്സരത്തിൽ 45 റൺസ് എടുത്ത് മിതാലി പുറത്തായി .71 പന്തില്‍ 45 റൺസ് നേടിയ മിതാലി രാജിനെ  ടുമി പുറത്താക്കി .നാല് ഫോറുകള്‍ മിതാലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന നേട്ടത്തില്‍ കഴിഞ്ഞ മത്സരത്തില്‍ മിതാലി രാജ് ഇടംപിടിച്ചിരുന്നു. ഏകദിന റണ്‍സിന് പുറമെ ട്വന്റി20യില്‍ 2364 റണ്‍സും 10 ടെസ്റ്റ് മത്സരങ്ങളില്‍ 663 റണ്‍സും മിതാലിക്കുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതയാണ് മിതാലി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേർഡ്‌സാണ് ആദ്യമായി 10000 റൺസ് നേട്ടം നേടിയത് .