ഹാർദിക്കിനു വീണ്ടും പരിക്കോ :താരം പന്തെറിയാത്തതിന്‍റെ കാരണം വ്യക്തമാക്കി ക്രിസ് ലിൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്ക് ഏറെ ആവേശ തുടക്കം .ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ  2 വിക്കറ്റിന് പരാജയപ്പെടുത്തി റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സീസണിൽ ആദ്യ മത്സരം ഉജ്വലമാക്കി .മുംബൈ ടീമിൽ ഇന്നലെ ഏറ്റവും  നിരാശപ്പെടുത്തിയ താരങ്ങളിലൊരാൾ ഓൾ റൗണ്ടർ ഹാർദിക്  പാണ്ഡ്യയായിരുന്നു. അവസാന  ഓവറുകളിൽ ബാറ്റിം​ഗിനെത്തിയ  താരം ബാറ്റിം​ഗിൽ നിരാശപ്പെടുത്തിയപ്പോൾ ഇന്നലെ ഒരു പന്ത് പോലും  ബൗൾ ചെയ്തതുമില്ല. താരം പന്തെറിയാഞ്ഞത്‌ മുംബൈ ആരാധകരെയും ഏറെ അത്ഭുതപെടുത്തിയിരുന്നു .

നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി:20 പരമ്പരയിൽ എല്ലാ മത്സരങ്ങളിലും പന്തെറിഞ്ഞ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു .എന്നാൽ ഏകദിന
പരമ്പരയിൽ താരം പന്തെറിഞ്ഞിരുന്നില്ല .
കഴിഞ്ഞ വർഷം പരിക്കേറ്റ താരം ഇക്കഴിഞ്ഞ ഓസീസ് എതിരായ ലിമിറ്റഡ് ഓവർ പരമ്പരയിലൂടെയാണ് ഇന്ത്യൻ ടീമിലേക്കും തിരികെ വന്നത് .ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം പന്തെറിയാഞ്ഞതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നായകൻ കോഹ്ലി നൽകിയ ഉത്തരം ഏറെ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു .

ഇന്നലെ മുംബൈ സ്പിന്നർമാരായ രാഹുൽ ചാഹറിനെയും ക്രുനാൽ പാണ്ഡ്യയെയും ​ഗ്ലെൻ മാസ്‌വെൽ സിക്സ് പറത്തിയപ്പോൾ രോഹിത് ഹാർദിക് പാണ്ഡ്യയെ കൊണ്ട് ഓവറുകൾ ചെയ്യിക്കും എന്നാണ് ഏവരും കരുതിയത് .എന്നാൽ ഹാർദിക് പാണ്ട്യ ഓരോവർ പോലും എറിഞ്ഞില്ല .ഇപ്പോൾ ഹാർദിക്  പാണ്ട്യ ഇന്നലെ മത്സരത്തിൽ  പന്തെറിയാത്തിന്   വിശദീകരണവുമായി  രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ ഓപ്പണറായ ക്രിസ് ലിൻ. ഹർദ്ദിക്കിന്റെ തോളിന് നേരിയ തരത്തിൽ  പരിക്കുണ്ടെന്നും അതുകൊണ്ടാണ് ബൗൾ ചെയ്യാതിരുന്നതെന്നും ലിൻ പറയുന്നു .

“ഹാർദിക്കിന്റെ  പരിക്കിന്റെ കാര്യത്തിൽ എനിക്ക് 100 ശതമാനം ഉറപ്പില്ല. പക്ഷെ നേരിയ പരിക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഫിസിയോയുടെ നിർദേശപ്രകാരം മുൻകരുതൽ എന്ന നിലയിലാവും അദ്ദേഹത്തെക്കൊണ്ട് ബൗൾ ചെയ്യിക്കാതിരുന്നത് എന്നാണ് കരുതുന്നത്.ഇനിയും സീസണിൽ  ടീമിന് പതിനാലോളം മത്സരങ്ങളുണ്ട്. താരത്തിന്  തോളിനാണ് പരിക്കെന്നതിനാൽ അത് വഷളാവേണ്ടെന്ന് കരുതിയാവും ബൗൾ ചെയ്യിക്കാതിരുന്നത്.  അദ്ദേഹം സീസണിൽ പന്തെറിയും ” ലിൻ അഭിപ്രായം തുറന്ന് പറഞ്ഞു .