മുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ മത്സരം തോല്‍ക്കുമെന്ന് കരുതിയെങ്കിലും ഹൈദരബാദ് ബാറ്റസ്മാന്‍മാരെ എറിഞ്ഞു വീഴ്ത്തി മുംബൈ ബോളര്‍മാര്‍ ഹൈദരബാദിനു മൂന്നാം തോല്‍വി സമ്മാനിച്ചു. 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിനെ 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്താക്കി 13 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി.

ഓപ്പണിംഗ് വിക്കറ്റില്‍ ബെയര്‍സ്റ്റോ ( 22 പന്തില്‍ 43 ) വാര്‍ണര്‍ സംഖ്യം 7.2 ഓവറില്‍ 67 റണ്‍സ് കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. എന്നാല്‍ 12ാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ (36) റണ്ണൗട്ടായതോടെ മത്സരം മുംബൈക്ക് അനുകൂലമായി. വീരാട് സിങ്ങ് (11), അഭിഷേക് ശര്‍മ്മ (2), അബ്ദുള്‍ സമദ് (7) എന്നീ മധ്യനിര താരങ്ങളെ പുറത്താക്കി മുംബൈ ബോളര്‍മാര്‍ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കി.

ക്രുണാല്‍ പാണ്ട്യയെ 2 സിക്സടിച്ച് വിജയത്തിനായി വിജയ് ശങ്കര്‍ പൊരുതിയെങ്കിലും 19ാം ഓവറില്‍ ബൂംറയുടെ പന്തില്‍ പുറത്തായതോടെ ഹൈദരബാദിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ട്രെന്‍റ് ബോള്‍ട്ട്, രാഹുല്‍ ചഹര്‍ എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി. ബൂംറ, പാണ്ട്യ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

വിജയത്തോടെ 4 പോയിന്‍റുമായി മുംബൈ ഇന്ത്യന്‍സ് ഒന്നാമതെത്തി. അതേ സമയം തുടര്‍ച്ചയായ മൂന്നാം പരാജയം രുചിച്ച ഹൈദരബാദ് അവസാന സ്ഥാനത്താണ്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പവര്‍പ്ലേ കഴിഞ്ഞെത്തിയ ഓവറില്‍ വിജയ് ശങ്കറാണ് രോഹിത്തിനെ പുറത്താക്കിയത്. 25 പന്തില്‍ നിന്ന് 32 റണ്‍സാണ് ക്യാപ്റ്റന്‍ രോഹിത് നേടിയത്. 2 വീതം സിക്സറും ഫോറും ഉള്‍പ്പടെയായിരുന്നു രോഹിതിന്‍റെ ഇന്നിങ്സ്

തന്‍റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ മുംബൈ 71/2 എന്ന നിലയിലേക്ക് വീണു. 39 പന്തുകള്‍ നേരിട്ട ക്വിന്റണ്‍ ഡി കോക്ക് നിര്‍ണ്ണായകമായ ഘട്ടത്തില്‍ പുറത്തായത് കൂടിയായപ്പോള്‍ കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രതികൂലമായി. 40 റണ്‍സ് നേടിയ താരത്തെ മുജീബ് റഹ്മാന്‍ ആണ് പുറത്താക്കിയത്.

21 പന്തില്‍ 12 റണ്‍സ് നേടി റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഇഷാന്‍ കിഷന്‍റെ വിക്കറ്റും മുജീബ് നേടിയപ്പോള്‍ 16.5 ഓവറില്‍ മുംബൈ 114/4 എന്ന നിലയിലേക്ക് കിതച്ചു. പിന്നീട് പൊള്ളാര്‍ഡ് അവസാന നിമിഷം നടത്തിയ വെടിക്കെട്ടാണ് മുംബൈയെ രക്ഷപ്പെടുത്തിയത്. 22 പന്തില്‍ ഒരു ബൗണ്ടറിയും മൂന്ന് സ്ക്സറുമുള്‍പ്പടെ 35 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. സണ്‍റൈസേഴ്സ് ഹൈദരബാദിനു വേണ്ടി വിജയ് ശങ്കറും, മുജീബ് റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 1 വിക്കറ്റ് ഖലീല്‍ അഹമ്മദ് സ്വന്തമാക്കി.