മെല്‍ബണില്‍ പിടിമുറുക്കി ഓസീസ്. വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ.

ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യ സമ്പൂർണ്ണമായ സമ്മർദ്ദത്തിൽ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 474 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ജയസ്വാളും കോഹ്ലിയും മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു. എന്നാൽ ഇതിനുശേഷം ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുന്നതാണ് കണ്ടത്. രണ്ടാം ദിവസത്തെ അവസാന സെഷനിൽ ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ഇതോടെ രണ്ടാം ദിവസത്തെ കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 310 റൺസ് ആവശ്യമാണ്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ആദ്യ ദിവസം 311 റൺസാണ് സ്വന്തമാക്കിയത്. ശേഷം രണ്ടാം ദിവസവും ഓസ്ട്രേലിക്കായി സ്റ്റീവ് സ്മിത്ത് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. നായകൻ കമ്മീൻസിനെയും(49) കൂട്ടുപിടിച്ച് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ മികച്ച നിലയിലേക്ക് എത്തിച്ചു. മത്സരത്തിൽ തന്റെ 34ആം ടെസ്റ്റ് സെഞ്ച്വറി പൂർത്തീകരിക്കാനും സ്മിത്തിന് സാധിച്ചു. 197 പന്തുകൾ മത്സരത്തിൽ നേരിട്ട സ്മിത്ത് 140 റൺസാണ് നേടിയത്. ഒപ്പം ഓസ്ട്രേലിയയുടെ വാലറ്റ ബാറ്റർമാർ സ്മിത്തിന് ആവശ്യമായ പിന്തുണ നൽകിയതോടെ ഓസ്ട്രേലിയൻ 474 എന്ന പടുകൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി രോഹിത് ശർമയാണ് ജയസ്വാളിനൊപ്പം ഓപ്പണറായി എത്തിയത്. എന്നാൽ രോഹിത് വീണ്ടും പരാജയപ്പെട്ടു. 5 പന്തുകൾ നേരിട്ട നായകന് കേവലം 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ശേഷമെത്തിയ രാഹുൽ ജയസ്വാളിനൊപ്പം ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും 24 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. പിന്നീടാണ് കോഹ്ലിയും ജയസ്വാളും ചേർന്ന് ഇന്ത്യക്ക് ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ ഇന്ത്യ മികച്ച നിലയിൽ എത്തുമെന്ന് എല്ലാവരും കരുതി.

പക്ഷേ നിർണായകമായ സമയത്ത് ജയസ്വാളിന്റെയും കോഹ്ലിയുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. ജയസ്വാൾ മത്സരത്തിൽ 118 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 82 റൺസാണ് നേടിയത്. 36 റൺസ് നേടിയ കോഹ്ലി പുറത്തായ ശേഷം ക്രീസിലെത്തിയ നൈറ്റ് വാച്ച്മാൻ ആകാശ് ദീപും പൂജ്യനായി മടങ്ങുകയുണ്ടായി. ഇതോടെയാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 എന്ന നിലയിലേക്ക് എത്തിയത്. നിലവിൽ ഇന്ത്യ ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ ബഹുദൂരം പിന്നിലാണ്. എന്നിരുന്നാലും കൂടുതൽ ശക്തമായ ബാറ്റിംഗ് നിരയാണ് മെൽബൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കുള്ളത്.

Previous article“കോമാളി കോഹ്ലി, കൊച്ചുകുട്ടിയെ പോലെ കരയുന്നു”, കോഹ്ലിയെ കളിയാക്കി ഓസീസ് പത്രങ്ങൾ