ലോകകപ്പ് നേടാന്‍ രണ്ടും കല്‍പ്പിച്ച്. പാക്കിസ്ഥാന് പുതിയ പരിശീലകര്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്‌ട്രേലിയൻ മുൻ താരം മാത്യു ഹെയ്ഡനും മുൻ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ വെര്‍നോണ്‍ ഫിലാന്‍ഡറിനെയും പ്രഖ്യാപിച്ചു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിസിബിയുടെ പുതിയ ചെയര്‍മാന്‍ റമീസ് രാജ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഈയിടെ പരിശീലകസ്ഥാനം രാജിവച്ച മിസ്ബാ ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമായാണ് പുതിയ പരിശീലകരെത്തുക. ടി-2-0 ലോകകപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഈ രാജിവയ്ക്കല്‍ പിസിബിയ്ക്ക് കനത്ത തിരിച്ചടി ആയിരുന്നു.

തുടര്‍ന്ന് സഖ്ലൈന്‍ മുഷ്താക്കും അബ്ദുല്‍ റസാക്കും ഇടക്കാല പരിശീകകരായി സ്ഥാനമേറ്റു. എന്നാല്‍, കഴിഞ്ഞ ദിവസം പിസിബി ചെയര്‍മാനായി സ്ഥാനമേറ്റ റമീസ് രാജ പുതിയ പരിശീലകരെ പ്രഖ്യാപിക്കുകയായിരുന്നു.

Mathew Hayden and Vernon Philander

മാത്യു ഹെയ്ഡനെ ടീമിൽ ഉൾപ്പെടുത്തിയത് ഒരുപാട് ഗുണം ചെയ്യുമെന്ന് റമീസ് രാജ പറഞ്ഞു. “ഓസ്ട്രേലിയക്കാരന് ടീമിൽ അല്പം ആക്രമണ സ്വാഭാവം കൊണ്ടുവരാൻ കഴിയും. അദ്ദേഹത്തിന് ലോകകപ്പുകൾ കളിച്ചു പരിചയമുണ്ട്, കൂടാതെ അദ്ദേഹം ഒരു ലോകോത്തര കളിക്കാരനുമായിരുന്നു. ഡ്രസ്സിംഗ് റൂമിൽ ഒരു ഓസ്‌ട്രേലിയൻ ഉണ്ടായിരിക്കുന്നത് ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്യും.”

ഫിലാൻഡർ ബോളിങ്ങിലെ സൂക്ഷ്മത നന്നായി അറിയുന്ന ആളാണെന്നും ഓസ്‌ട്രേലിയയിൽ മികച്ച റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ടെന്നും പുതിയ പിസിബി ചെയർമാൻ കൂട്ടിച്ചേർത്തു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.