രാഹുല്‍ ദ്രാവിഡ് ഭരതിനെ പറ്റി ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. മുന്‍ താരം വെളിപ്പെടുത്തുന്നു.

ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിംഗ്സ് ലീഡ് നേടാന്‍ സഹായിച്ചത് ഇന്ത്യന്‍ സ്പിന്നേഴ്സാണ്. ന്യൂസിലന്‍റിന്‍റെ പത്തില്‍ ഒന്‍പതും വിക്കറ്റ് വീഴ്ത്തിയത് സ്പിന്നര്‍മാര്‍. അതോടൊപ്പം എടുത്തു പറയേണ്ടത് ശ്രീകാര്‍ ഭരതിന്‍റെ വിക്കറ്റ് കീപ്പിങ്ങ് പ്രകടനമാണ്. കുത്തിതിരിയുന്ന പന്തുകള്‍ വളരെ മികച്ച രീതിയിലാണ് ശ്രീകാര്‍ ഭരത് കൈക്കലാക്കിയത്.

സാഹക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി ശ്രീകാര്‍ ഭരത് എത്തിയത്‌.ഇന്നിംഗ്സില്‍ രണ്ട് മികച്ച ക്യാച്ചുകൾ നേടുകയും ഒരു സ്റ്റമ്പിങിലൂടെ ടോം ലാതത്തെ പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭരതിന്‍റെ വിക്കറ്റ് കീപ്പിങ്ങ് സ്ക്കില്ലിനെ പ്രശംസിച്‌ എത്തിയിരിക്കുകയാണ് വിവിഎസ് ലക്ഷ്മണ്‍.

അതോടാപ്പം കുറച്ച് നാള്‍ക്ക് മുന്‍പ് നിലവിലെ ഹെഡ്കോച്ചായ രാഹുല്‍ ദ്രാവിഡ് ഭരതിനെ പറ്റി പറഞ്ഞ വാക്കുകള്‍ ലക്ഷ്മണ്‍ വെളിപ്പെടുത്തി.” വിക്കറ്റ് കീപ്പിങിലെ ഭരതിന്റെ കഴിവുകളെ പറ്റി രാഹുൽ ദ്രാവിഡ് ആവേശത്തോടെ സംസാരിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ വൃദ്ധിമാൻ സാഹയ്ക്ക് ശേഷം കീപ്പിങിൽ ഏറ്റവും മികച്ച കഴിവ് ഭരതിനാണെന്ന് ദ്രാവിഡ് എന്നോട് പറഞ്ഞിരുന്നു. ” ലക്ഷ്മൺ പറഞ്ഞു.

സെലക്ടർമാരും ഹെഡ് കോച്ചും അവനിൽ അർപ്പിച്ച വിശ്വാസം ഭരത് കാത്തുസൂക്ഷിച്ചുവെന്നും അവനിൽ അവരർപ്പിച്ച ആത്മവിശ്വാസം ശരിയാണെന്ന് തെളിയിക്കാനും ഭരതിന് സാധിച്ചു എന്നും ലക്ഷ്മണ്‍ പറഞ്ഞു. ” സ്‌പിന്നർമാർക്ക് അനുകൂലമായ ഇത്തരം സാഹചര്യങ്ങളിൽ മികച്ച വിക്കറ്റ് കീപ്പർ ഇല്ലായെങ്കിൽ നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമാകും. മൂന്നാം ദിനത്തിൽ നമ്മൾ കണ്ടത് മികച്ച ടെക്നിക്കും മനസാന്നിധ്യവുമാണ്. ” മുന്‍ ഇന്ത്യന്‍ താരം കൂട്ടിചേര്‍ത്തു.