ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ സ്പിന്നറായ കുൽദീപ് യാദവിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ബോളിങ് കോച്ച് ഭരത് അരുൺ. ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോണിനെ പോലെ ഇംഗ്ലണ്ട് മൈതാനത്ത് മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് കുൽദീപ് യാദവ് എന്ന് ഭരത് അരുൺ പറയുകയുണ്ടായി. ജൂൺ 20ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി ഷെയ്ൻ വോണിന്റെ മാന്ത്രികത പുറത്തെടുക്കാൻ കുൽദീപിന് സാധിക്കുമെന്നാണ് ഭരത് അരുൺ കരുതുന്നത്.
“ഇംഗ്ലണ്ടിലെ മൈതാനങ്ങൾ വളരെ വ്യത്യസ്തമാണ്. പല മൈതാനങ്ങളിലും കൈക്കുഴ സ്പിന്നർമാർക്ക് മികച്ച രീതിയിൽ പന്തറിയാൻ സാധിക്കുമെന്ന് മുൻപ് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല മൈതാനത്ത് അല്പം ഈർപ്പത്തിന്റെ സാന്നിധ്യം കൂടി ഉണ്ടെങ്കിൽ റിസ്റ്റ് സ്പിന്നർമാർക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമായി മാറും. അതേപോലെതന്നെ പേസ് ബോളർമാരുടെ പന്തുകൾ മൂലം പിച്ചിൽ ഉണ്ടാകുന്ന റഫ് സ്പേസുകൾ ഇത്തരത്തിലുള്ള കൈക്കുഴ സ്പിന്നർമാർക്ക് മത്സരങ്ങളിൽ ഗുണം ചെയ്യുമെന്ന കാര്യവും ഉറപ്പാണ്.”- ഭരത് അരുൺ പറയുന്നു.
“ഇത്തരത്തിൽ ഉണ്ടാവുന്ന റഫ് സ്പേസുകൾ മികച്ച രീതിയിൽ ഉപയോഗിക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അത്തരത്തിൽ ഉപയോഗിച്ചിട്ടുള്ള ബോളർമാരെ പറ്റി ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോണിന്റെ പേരാണ്. ഷെയിൻ വോണിനെ പോലെ തന്നെ ഇംഗ്ലണ്ട് മൈതാനത്ത് മികവു പുലർത്താൻ സാധിക്കുന്ന താരമാണ് ഇന്ത്യയുടെ കുൽദീപ് യാദവ്. നിലവിലെ ഇന്ത്യയുടെ ബോളിംഗ് വിഭാഗം ടെസ്റ്റ് മത്സരങ്ങളിൽ അത്ര അനുഭവത്തുള്ളതല്ല. എന്നിരുന്നാലും ഒരുപാട് കഴിവുകളുള്ള താരങ്ങളാണ് ടീമിൽ അണിനിരക്കുന്നത്.”- അരുൺ പറയുകയുണ്ടായി.
ഇംഗ്ലണ്ട് മൈതാനത്ത് ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ച അനുഭവത്തുള്ള താരമല്ല കുൽദീപ് യാദവ്. 2018ൽ ഒരു മത്സരത്തിൽ മാത്രമാണ് കുൽദീപിന് ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചത്. ഈ മത്സരത്തിൽ വിക്കറ്റുകൾ ഒന്നുംതന്നെ നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പല സമയത്തും വിദേശ പിച്ചുകളിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് സ്പിന്നർ ആയിരുന്നില്ല കുൽദീപ്. പക്ഷേ ഇത്തവണ ഇന്ത്യക്കായി കുൽദീപ് മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.