ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചധികം നാളുകളായി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ സ്ഥിര സാന്നിധ്യമായിരുന്നു വിരാട് കോഹ്ലി. അതിനാൽ കോഹ്ലിയുടെ ഈ വിരമിക്കൽ ഇന്ത്യയെ സംബന്ധിച്ച ടെസ്റ്റ് ക്രിക്കറ്റിൽ വലിയ നഷ്ടം തന്നെയാണ്. പക്ഷേ കോഹ്ലിയുടെ ഈ വിരമിക്കൽ തീരുമാനം ഗുണമായി മാറിയിട്ടുള്ള 3 താരങ്ങളുണ്ട്. അവർ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.
- ശ്രേയസ് അയ്യർ
കോഹ്ലിയുടെ വിരമിക്കൽ ഏറ്റവുമധികം സഹായിക്കാൻ പോകുന്നത് ശ്രേയസ് അയ്യരെയാണ്. 2021ൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു ശ്രേയസ് തന്റെ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ ഒരു സെഞ്ച്വറി സ്വന്തമാക്കി ആരംഭിക്കാൻ സാധിച്ചെങ്കിലും, പിന്നീട് ആവശ്യമായ രീതിയിൽ മത്സരങ്ങൾ അയ്യർക്ക് ലഭിച്ചിരുന്നില്ല.
ഇതുവരെ തന്റെ കരിയറിൽ 14 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ശ്രേയസ് അയ്യർ കളിച്ചത്. വിരാട് കോഹ്ലി ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതോടുകൂടി ശ്രേയസ് അയ്യരെ ഇന്ത്യ നാലാം നമ്പറിൽ തിരികെ കൊണ്ടുവരാൻ സാഹചര്യങ്ങൾ നിലനിൽക്കുന്നു. നിലവിൽ ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളോടെ നാലാം നമ്പർ സ്ഥാനം തിരിച്ചുപിടിക്കാൻ അയ്യർക്ക് സാധിച്ചിട്ടുണ്ട്.
- കരുൺ നായർ
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സമയത്ത് വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് കരുൺ. അതുകൊണ്ടു തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ഒരു തിരിച്ചു വരവിനായി ശ്രമിക്കുകയാണ് കരുൺ. 2017ൽ ബംഗ്ലാദേശിനെതിരെ ഒരു ത്രിപിൾ സെഞ്ച്വറി നേടിയായിരുന്നു കരുൺ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള എൻട്രി വ്യക്തമാക്കിയത്. പക്ഷേ ഇതിന് ശേഷം വേണ്ടരീതിയിൽ കരുണിന് അവസരം ലഭിച്ചിരുന്നില്ല. 2018ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം കരുണിനെ ഇന്ത്യ ഒഴിവാക്കുകയാണ് ചെയ്തത്. വിരാട് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചതോടെ കരുണിനും അവസരങ്ങൾ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
- സർഫറാസ് ഖാൻ
2024ൽ ഇംഗ്ലണ്ടിനെതിരെയാണ് സർഫറാസ് ഖാൻ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് വിരാട് കോഹ്ലിയുടെ അഭാവത്തിലായിരുന്നു സർഫറാസിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. പക്ഷെ ഇതിന് ശേഷം തന്റെ കരിയറിൽ കേവലം 6 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് സർഫറാസിന് കളിക്കാൻ സാധിച്ചിട്ടുള്ളത്. വിരാട് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഈ താരത്തിനും അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്.