അവന് അൽപ്പം സമയം നൽകണം :കോഹ്ലിക്ക് പിന്തുണയുമായി സൂപ്പർ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ എട്ട് വിക്കറ്റ് തോൽ‌വിയിൽ പൂർണ്ണ നിരാശരാണ്. വീണ്ടും ഒരിക്കൽ കൂടി ഐസിസിയുടെ ടൂർണമെന്റിൽ നിർണായക പോരാട്ടം തോൽക്കുവാനാണ് ഇന്ത്യൻ ടീമിന്റെ വിധി. ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നായകൻ വിരാട് കോഹ്ലിക്കും എതിരെ ശക്തമായ വിമർശനമാണ് ആരാധകരിൽ പലരും ഉയർത്തുന്നത്. കരിയറിൽ അനേകം മിന്നും നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള കോഹ്ലിക്ക് പക്ഷേ നായകനായി ഇന്ത്യൻ ടീമിന് സുവർണ്ണ നേട്ടങ്ങൾ ഒന്നും തന്നെ സമ്മാനിക്കാൻ കഴിയുന്നില്ല എന്നാണ് പല ആരാധകരും മുൻ താരങ്ങളും അടക്കം ആക്ഷേപം ഉന്നയിക്കുന്നത്.

എന്നാൽ നായകൻ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇപ്പോൾ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. മുൻപ് ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ചിട്ടുള്ള ഇവർ ഇരുവരും മികച്ച സുഹൃത്തുക്കളുമാണ്. വളരെ ഏറെ ആരാധകർ ഇന്നും ഇഷ്ടം കാണിക്കുന്ന വിരാട് കോഹ്ലിയെ കിരീടം ഇല്ലാത്ത നായകനെന്ന് പരിഹസിക്കരുത് എന്നും റെയ്ന അഭിപ്രായപ്പെടുന്നു.”ഒരു ഐസിസി കിരീടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. കരിയറിൽ അനേകം അതുല്യ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് കോഹ്ലി.അവന്റെ കഴിവും പ്രതിഭയും എല്ലാം തെളിയിക്കുവാൻ ഈ നേട്ടങ്ങൾ തന്നെ ധാരാളം. ഐപിഎല്ലിലും അവൻ കിരീടം നേടിയിട്ടില്ല എന്നതും സത്യമാണ് ” റെയ്ന അഭിപ്രായം വിശദമാക്കി.

“കരിയറിൽ ഇനിയും കോഹ്ലിക്ക് ഏറെ സമയം മുൻപിലുണ്ട്. നായകനായി ഒരു കിരീടം സ്വന്തമാക്കുവാൻ അവന് ഇനിയും സമയം നൽകണമെന്നാണ് എന്റെ ഉറച്ച വിശ്വാസം.ഇനിയും അവന് എല്ലാവരും അൽപ്പം സമയം അനുവദിക്കണം. ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ അവന്റെ മൂന്ന് ഫോർമാറ്റിലെയും കരിയർ നേട്ടങ്ങളാണ് വിമർശനങ്ങൾക്കുള്ള ഉത്തരം “സുരേഷ് റെയ്ന വാചാലനായി.നിലവിൽ ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരക്കായി താരം ടീമിനോപ്പം ഇംഗ്ലണ്ടിലാണ്.അതേസമയം കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള ചില ചിത്രങ്ങൾ കോഹ്ലി പങ്കുവെച്ചത് വൻ തരംഗമായിരുന്നു