നൂറാം ടെസ്റ്റ്‌ കളിക്കുന്ന കോഹ്ലിക്ക് ആശംസകൾ :വാനോളം പ്രശംസകൾ നൽകി ഗാംഗുലി

ഇന്ത്യ : ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരക്ക് നാളെ മോഹലിയിലെ ഒന്നാം ടെസ്റ്റോടെ തുടക്കം കുറിക്കും. രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ രണ്ട് ടീമുകളും ആഗ്രഹിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാണ് ഈ ടെസ്റ്റ്‌ പരമ്പര. നായകൻ രോഹിത് ശർമ്മക്ക് കീഴിൽ ഇന്ത്യൻ ടീം കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ഇത്‌.

രോഹിത് ക്യാപ്റ്റനായി എത്തുമ്പോൾ മുൻ നായകനായ വിരാട് കോഹ്ലയുടെ കരിയറിലെ സുപ്രധാന മുഹൂർത്തത്തിന് നാളെ മോഹാലി സാക്ഷിയാകും. വിരാട് കോഹ്ലിയുടെ ടെസ്റ്റ്‌ കരിയറിലെ നൂറാമത്തെ മത്സരത്തിനാണ് നാളെ ലങ്കക്ക് എതിരെ ഇറങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ രണ്ട് വർഷമായി ഒരു സെഞ്ച്വറി പോലും നേടാൻ കഴിഞ്ഞിട്ടില്ല.

നൂറാം ടെസ്റ്റിന് മുന്നോടിയായി കോഹ്ലിക്ക് ആശംസകൾ നൽകുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌ സൗരവ് ഗാംഗുലി. നൂറ്‌ ടെസ്റ്റുകളിൽ കളിക്കുക എന്നത് അധികം ആർക്കും കരിയറിൽ അവകാശപെടുവാനില്ലാത്ത ഒരു നേട്ടമാണെന്ന് പറഞ്ഞ ദാദ ഈ ഒരു നേട്ടം സ്വന്തമാക്കുന്ന കോഹ്ലിക്ക് എല്ലാ വിധ ആശംസകളും നേർന്നു.

തന്റെ കുടുംബത്തിനും ഒപ്പം ലണ്ടനിൽ അവധി ആഘോഷത്തിലായിരുന്ന സൗരവ് ഗാംഗുലി കോഹ്ലിയുടെ നൂറാമത്തെ ടെസ്റ്റ്‌ മത്സരത്തിന് സാക്ഷിയാകുവാൻ ഉടനെ തിരികെ എത്തുമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

“നൂറ്‌ ടെസ്റ്റ്‌ മത്സരങ്ങൾ എന്നത് വളരെ ചുരുക്കം കളിക്കാർ കരിയറിൽ നേടിയ ഒരു നേട്ടമാണ്. അതിനാൽ തന്നെ കോഹ്ലി വളരെയധികം കയ്യടികൾ അർഹിക്കുന്നു. കോഹ്ലി മഹാനായ കളിക്കാരനാണ്. അതിനാലാണ് അദ്ദേഹം ഈ നേട്ടത്തിന് അവകാശിയായത്.വിരാട് കോഹ്ലി 2008ൽ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം നടതത്തിയ സമയം ഞാൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം നൂറാം ടെസ്റ്റ്‌ കളിക്കുകയാണ്. ഏതൊരു താരവും സ്വപ്നം കാണുന്ന നേട്ടമാണ് ഇത്‌ “സൗരവ് ഗാംഗുലി വാചാലനായി.