കെഎൽ രാഹുലിനെ ലക്നൗ നായക സ്ഥാനത്ത് നിന്ന് മാറ്റും. പകരം ഈ 2 പേർ ലിസ്റ്റിൽ. റിപ്പോർട്ട്‌.

20240828 144201

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മെഗാ ലേലത്തിനായി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഫ്രാഞ്ചൈസികൾ. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗ ടീമിനെ സംബന്ധിച്ചുള്ള ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തങ്ങളുടെ നിലവിലെ നായകനായ കെഎൽ രാഹുലിനെ നിലനിർത്താൻ ലക്നൗ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാഹുൽ ലക്നൗ ടീമിൽ തന്നെ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ടീമിന്റെ നായകനായി രാഹുൽ എത്തില്ല എന്ന റിപ്പോർട്ടുകളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. ക്യാപ്റ്റൻസി സമ്മർദ്ദം മൂലമാണ് രാഹുലിന് ബാറ്റിംഗിൽ മികവ് പുലർത്താൻ സാധിക്കാതെ വരുന്നത് എന്ന് ഫ്രാഞ്ചൈസിയും ഇതിനോടകം തന്നെ വിലയിരുത്തി കഴിഞ്ഞു. ബാറ്റിംഗിൽ കൂടുതൽ സംഭാവനകൾ നൽകുന്നതിന്റെ ഭാഗമായാണ് ക്യാപ്റ്റൻസിൽ നിന്ന് രാഹുൽ മാറി നിൽക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഈ സാഹചര്യത്തിൽ 2025 ഐപിഎല്ലിൽ ലക്നൗ ടീമിനെ ആരാവും നയിക്കുക എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. രാഹുലിനെ ടീം നിലനിർത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. എന്നാൽ ക്യാപ്റ്റൻസി റോളിലേക്ക് ക്രുണാൽ പാണ്ട്യ, നിക്കോളാസ് പൂരൻ എന്നീ താരങ്ങളെയാണ് പ്രാഥമികമായി ലക്നൗ പരിഗണിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലക്നൗ ഫ്രാഞ്ചൈസിയുമായി അടുത്തു നിൽക്കുന്ന ഒരു വൃത്തം ഇതേ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുകയുണ്ടായി. ഫ്രാഞ്ചൈസി ഓണർ സഞ്ജീവ് ഗോയങ്കയുമായി രാഹുൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇത്തരം തീരുമാനങ്ങൾ ഉരുത്തിരിഞ്ഞത് എന്ന് ഫ്രാഞ്ചൈസിമായി ബന്ധപ്പെട്ട ഘടകം അറിയിച്ചു.

Read Also -  2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.

“തിങ്കളാഴ്ചയാണ് ഫ്രാഞ്ചൈസി ഓണർ സഞ്ജീവ് ഗോയങ്കയും രാഹുലും തമ്മിൽ ചർച്ചകൾ നടത്തിയത്. രാഹുലിന്റെ ക്യാപ്റ്റൻസിയും നിലനിർത്തലുമൊക്കെ തന്നെയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. എന്തായാലും ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാഹുൽ ലക്നൗ ടീമിന്റെ നായകനായി കളിക്കില്ല എന്നത് ഉറപ്പാണ്. ഒരു ബാറ്റർ എന്ന നിലയ്ക്ക് കൂടുതൽ സംഭാവന ഫ്രാഞ്ചൈസിയ്ക്ക് നൽകുന്നതിന്റെ ഭാഗമായി രാഹുൽ മാറി നിൽക്കുകയാണ്. രാഹുലിന്റെ കാര്യത്തിൽ ഉടമയായ സഞ്ജീവ് ഗോയങ്ക അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഒരു കളിക്കാരനായി മാത്രം രാഹുലിനെ ഫ്രാഞ്ചൈസി നിലനിർത്തും. ഒരിക്കലും ഒരു ക്യാപ്റ്റൻ ആകില്ല.”- വൃത്തം അറിയിക്കുകയുണ്ടായി.

“ടീമിന്റെ നായകനായി ആരെത്തും എന്നതിനെ സംബന്ധിച്ച് വലിയ സംശയങ്ങൾ നിലനിൽക്കുകയാണ്. ബിസിസിഐയുടെ നിലനിർത്തൽ പോളിസികൾ അംഗീകരിച്ചുകൊണ്ടു തന്നെ ഞങ്ങൾ അതിലേക്ക് കടക്കും. പ്രധാനമായി രണ്ടു താരങ്ങളാണ് ഞങ്ങൾക്ക് മുൻപിൽ നായകന്മാരായുള്ളത്.”- വൃത്തം അറിയിച്ചു. പ്രധാനമായും പാണ്ട്യയും നിക്കോളാസ് പൂരനും ലക്നൗ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്താൻ വലിയ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്. അതേസമയം കഴിഞ്ഞ സമയങ്ങളിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല രാഹുൽ കാഴ്ചവെച്ചത്. ഇതിൽ ഫ്രാഞ്ചൈസിക്കുള്ള അതൃപ്തി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

Scroll to Top