2025 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ തന്നെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
നിലവിൽ ടൂർണമെന്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തിനായി മത്സരിക്കുന്നത് മലയാളി താരം സഞ്ജു സാംസനും റിഷഭ് പന്തുമാണ്. ഇന്ത്യക്കായി താൻ കളിച്ച അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ വർഷം ശ്രീലങ്കക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ സ്ഥാനം കണ്ടെത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല. അതേസമയം പന്ത് തന്റെ പരിക്കിൽ നിന്ന് തിരികെ വന്നതിന് ശേഷം കേവലം ഒരു ഏകദിന മത്സരം മാത്രമാണ് കളിച്ചത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്ത താരമായിരുന്നത് കെഎൽ രാഹുലാണ്. രാഹുലാണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. അതുകൊണ്ടു തന്നെ രാഹുൽ ചാമ്പ്യൻസ് ട്രോഫി ടീമിൽ സ്ഥാനം കണ്ടെത്തും എന്നത് ഉറപ്പാണ്. ഇന്ത്യക്കായി മധ്യനിരയിൽ കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് രാഹുൽ.
എന്നാൽ ഇംഗ്ലണ്ടിനെതിരായ 3 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പര രാഹുലിന് നഷ്ടമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയ്ക്ക് തൊട്ടു മുന്നോടിയായാണ് ഈ പരമ്പര നടക്കുന്നത്. അതുകൊണ്ടുതന്നെ ബിസിസിഐ രാഹുലിന് വിശ്രമം നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവർ പരമ്പരയിൽ രാഹുലിന് വിശ്രമം അനുവദിക്കും. എന്നിരുന്നാലും 2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ രാഹുൽ സ്ഥാനം കണ്ടെത്തുന്നത് ഉറപ്പാണ്. ഏകദിന മത്സരത്തിനൊപ്പം ഇംഗ്ലണ്ടിനെതിരെ 5 ട്വന്റി20 മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. ജനുവരി 22നാണ് ഈ പരമ്പര ആരംഭിക്കുന്നത്. ട്വന്റി20യിലും ഇന്ത്യ രാഹുലിനെ വിശ്രമം നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ട്വന്റി20 ലോകകപ്പ് സെമിഫൈനലിന് ശേഷം രാഹുൽ ഒരു ട്വന്റി20 മത്സരം പോലും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.
നിലവിൽ ജനുവരി 12ന് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള അവസാന സ്ക്വാഡ് പ്രഖ്യാപിക്കും. പേസ് ബോളിംഗ് ഡിപ്പാർട്ട്മെന്റിലാണ് നിലവിൽ ഇന്ത്യയ്ക്ക് വലിയ പ്രശ്നങ്ങൾ നേരിടുന്നത്. ഇന്ത്യയുടെ വെറ്ററൻ പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പൂർണ്ണമായ ഫിറ്റ്നസോടെ ടീമിനൊപ്പമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്പിന്നർമാർ വാഷിംഗ്ടൺ സുന്ദറും അക്ഷർ പട്ടേലുമാണ്. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ട്രോഫിയിൽ ജഡേജയ്ക്ക് സ്ഥാനം ലഭിക്കുമോ എന്നതും വലിയ ചോദ്യമാണ്.